ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്.

നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് നിര്‍മിച്ചത്. നോട്ടിന്റെ പ്രത്യേക സ്ഥലങ്ങളില്‍ ഇന്റാഗ്ല്യോ പ്രിന്റിംഗ് ആണ് ഉപയോഗിച്ചത്. ആ ഭാഗങ്ങളിലൂടെ വിരല്‍ പിടിച്ചാല്‍ നോട്ട് ഓടുന്നത് പോലെ തോന്നും. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

പ്രത്യേക ചലന രീതികളും സ്വര്‍ണ നിറത്തില്‍ നിന്ന് പച്ചയിലേക്കുള്ള മാറ്റവും ഫ്ഌറസെന്റ് ഘടകങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാഗ്നറ്റിക് മഷിയാണ് ഉപയോഗിച്ചത്. വെളിച്ചം തട്ടുമ്പോള്‍ ഇടതുഭാഗത്തെ അക്കം സ്വര്‍ണ നിറത്തില്‍ നിന്ന് പച്ചയിലേക്ക് മാറും. പ്രത്യേക അച്ചടിയായതിനാല്‍ അന്ധര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.