മഹാ നടന്മാരും പേറണോ ബോഡി ഷെയ്മിങ് എന്ന ഭാരം?

തരുൺ മൂർത്തി ചിത്രത്തിലെ പോലീസ് വേഷത്തിന് വേണ്ടി മോഹൻലാൽ താടിയെടുത് മീശ പിരിച്ച ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉരുത്തിരിഞ്ഞു വന്നത് കൂടുതലും വളരെ പോസിറ്റിവ് ആയ ചർച്ചകൾ ആയിരുന്നുവെങ്കിലും കല്ല് കടിയായി മലയാളികൾ പൊതുവെ കേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിലേക്ക് അത് വഴി തിരിഞ്ഞു പോയിരുന്നു.പ്രത്യേകിച്ചും ഫേസ്ബുക്കിൽ അത് ഒരു മോഹൻലാൽ മമ്മൂട്ടി ഫാൻ ഫൈറ്റായി മാറിയത് വളരെ പെട്ടെന്നായിരുന്നു. തുടക്കത്തിൽ റിലീസായ ചിത്രങ്ങൾ കൂടാതെ മോഹൻലാൽ തന്റെ ഒരു ആരാധകനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവരികയും അതിൽ മോഹൻലാലിൻറെ കഴുത്തിലെ ചുളിവുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് കൂടുതൽ പ്രായം തോന്നുന്നു, താടി കളയരുതായിരുന്നു എന്നൊക്കെ’ പറഞ്ഞായിരുന്നു ആരാധകരുടെ virtual തമ്മിൽ തല്ലിന്റെ തുടക്കം. ചിത്രം ഒറിജിനൽ അല്ല ai ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് തരത്തിലും അഭിപ്രായങ്ങൾ ഉയർന്നു.
ഏതായാലും മോഹൻലാലിൻറെ ഈ ചിത്രം വെച്ച് കളിയാക്കിയും മറ്റും ഒട്ടനവധി പോസ്റ്റുകളാണ് പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. ഇവയിൽ ഏർപ്പെട്ട മുഴുവൻ പേരും മമ്മൂട്ടി ഫാൻസ്‌ ആകണമെന്ന് നിർബന്ധമില്ല, ഏതായാലും മറുപടിയെന്ന പോലെ മോഹൻലാൽ ആരാധകർ ചെയ്തത് എന്തായിരിക്കും? വേറെ ഒന്നുമല്ല മമ്മൂട്ടിയുടെ ഇതുപോലെ ചുളിവും, നരയും, മുടിയുടെ എണ്ണവും ഒക്കെ അളന്ന് കൊണ്ടുള്ള ചിത്രങ്ങൾ അടങ്ങിയ മറുപടി പോസ്റ്റുകൾ ഇട്ട് അദ്ദേഹത്തെയും ബോഡി shame ചെയ്‌തും, age shame ചെയ്തും ബുള്ളി ചെയ്തു.മമ്മൂട്ടി ആണെങ്കിലും മോഹൻലാൽ ആണെങ്കിലും 60 ഉം 70 ഉം പിന്നിട്ട രണ്ട് മനുഷ്യരാണ്. അവരുടെ almost ഒരു കൗമാര കാലം മുതൽ മലയാളി ഇരുവരുടെയും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ആവേശത്തോടെ സാക്ഷിയായിട്ടുണ്ട്. പ്രത്യേകിച്ചും മോഹൻലാലിനെപ്പോലെ തന്റെ കരിയറിലുടനീളം കടുത്ത ബോഡി ഷെയ്‌മിങ്ങിന് ഇരയായ ഒരു സെലബ്രിറ്റിയെയും മലയാളി കണ്ടു കാണില്ല.

ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി 58 ആം വയസിൽ നടത്തിയ ബോഡി ട്രാൻസ്ഫർമേഷന് ശേഷം ഓരോ ചിത്രത്തിനും ഓരോ ദിനവും അയാൾ ഏറ്റു വാങ്ങിയ അധിക്ഷേപങ്ങൾ അങ്ങേയറ്റമായിരുന്നുവെന്ന് പറയാം. അത് ഇന്ന് ഈ നിമിഷവും തുടരുന്നു എന്നത്കൊണ്ട് കൂടിയാണ് അയാളുടെ മുഖത്തെ താടി എടുക്കുമ്പോഴും മീശ പിരിക്കുമ്പോഴും മികച്ച ഒരു പെർഫോമൻസ് വരുമ്പോഴുമെല്ലാം മലയാളി അത് ഒരു ഉത്സവമാക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന് ഒത്തു കിട്ടിയ രണ്ട് വേൾഡ് ക്ലാസ് നടൻമാർ ആണെന്നത് എടുത്തു പറയേണ്ട കാര്യമൊന്നുമില്ല. അവരുടെ കരിയറിന്റെ ഒരു വലിയ ഭാഗം പിന്നിട്ട ശേഷവും അഭിനയത്തിലും ബോക്സോഫീസിലുമെല്ലാം ഇരുവരും കഴിഞ്ഞിട്ടേ ഉള്ളൂ മറ്റ് ആരും. മലയാള സിനിമയെയും ഇവിടുള്ള അഭിനേതാക്കളെയും ലോകം ആഘോഷിക്കുന്ന ഈ സമയം നമ്മുടെ നാട്ടിൽ ഒരു വലിയ പങ്കോളം ആളുകൾ പ്രത്യേകിച്ച് ചെറുപ്പക്കാർ ഇവരെ തുലനം ചെയ്യുന്നത് പ്രായവും ചുളിവും മുഖത്തെ രോമവും വെച്ചാണ് എന്നതിലും വലിയ അല്പത്തരം വേറെയില്ല എന്ന ഖേദപൂർവ്വം പറയേണ്ടി വരും.ശരിയാണ് സിനിമ ഉള്ളിടത്ത് താര പ്രഭയുണ്ട്, താരമുള്ളിടത്ത് ആരാധകരുണ്ട്, മത്സരവും താരതമ്യവും ഉണ്ട്, എന്നാൽ പ്രബുദ്ധരെന്ന് മറ്റുള്ളവരെക്കൊണ്ടും സ്വയവും അവകാശപ്പെടുന്ന മലയാളി ആ മത്സരം ബോഡി ഷെയ്മിങ്ങിലേക്കും, ചീത്ത വിളികളിലേക്കും എന്തിന് കേട്ടാൽ അറയ്ക്കുന്ന വർഗീയതയിലേക്ക് വരെ കൊണ്ട് ചെന്ന് എത്തിക്കുന്നത് അങ്ങനെ നോർമലൈസ് ചെയ്യാൻ പാടുള്ളതാണോ?