Headlines

2026ലും ‘L’ വിസ്‌മയം തുടരും; നരസിംഹത്തിന്റെ 26ാം വാര്‍ഷികത്തില്‍ ‘L367’ പ്രഖ്യാപിച്ച് ലാലേട്ടൻ

മീശ പിരിച്ച് മാസ് കാണിക്കുന്ന കാര്യത്തിൽ ലാലേട്ടനൊപ്പം പോന്ന താരം ഇന്ന് സൗത്ത് ഇന്ത്യയിൽ വേറെ ഇല്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ഇന്ന് സോഷ്യൽ മീഡിയയിൽ തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ നരസിംഹത്തിന്റെ 26ാം വാർഷികദിനത്തിൽ മറ്റൊരു സന്തോഷം കൂടി പങ്കുവച്ചു.മലയാള സിനിമയിലെ വമ്പൻ പ്രൊഡക്ഷൻ ബാനറായ ശ്രീ ഗോകുലം മൂവീസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ‘L367’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോഹൻലാലിൻറെ L 2 എമ്പുരാൻ, ഭഭബ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഗോകുലം മൂവീസ് ഒരുക്കിയിരുന്നു.

കഴിഞ്ഞ ദിവസം മലയാളത്തിന്റെ ലാലേട്ടന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ലീൻ ഷേവ് ചെയ്ത്, കട്ടിമീശ പിരിച്ചു വെച്ചിരിക്കുന്ന തതാരത്തിന്റെ പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ ആവേശം ഉയർത്തിയത്. ലാലേട്ടന്റെ ‘വിന്റേജ്’ ലുക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഈ മാറ്റം ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് എന്നത് ഉറപ്പ്.

കഴിഞ്ഞ കുറച്ചു കാലമായി താടി വെച്ച ലുക്കിലായിരുന്നു മോഹൻലാൽ അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ താടി പൂർണ്ണമായും നീക്കം ചെയ്ത്, മീശയ്ക്ക് മാത്രം പ്രാധാന്യം നൽകിയുള്ള ലുക്ക് അദ്ദേഹത്തിന് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ട്. ഫിറ്റ്‌നസിലും പ്രായത്തെ വെല്ലുന്ന ലുക്കിലും താരം പുലർത്തുന്ന ഈ മാറ്റം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഏതായാലും പീശ പിരിച്ച മുണ്ടുടുത്ത വിന്റേജ് ലാലേട്ടനെ ‘L367’ ൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇതിനിടെ മോഹന്‍ലാലിന്റെ കുറച്ചുനാള്‍ മുമ്പത്തെ അഭിമുഖത്തില്‍ നിന്നുള്ള വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മീശ പിരിച്ച് വിന്റേജ് ലുക്കില്‍ ഇനി കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

”ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതിനാലാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്. വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം. അല്ലെങ്കില്‍ മീശ പിരിക്കാം. അത് ഉടന്‍ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ. ഇനി ചെയ്യാന്‍ പോകുന്നത് ദൃശ്യം ത്രീയാണ്. അതിന് ശേഷം ഒരു പൊലീസ് ഓഫീസറുടെ വേഷമുണ്ട്. അതില്‍ മീശ പിരിക്കാം. പിന്നീട് വേണമെങ്കില്‍ മീശ ഷേ ചെയ്യാം” എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ലാലേട്ടന്റെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. തന്റെ ആദ്യ ചിത്രമായ ‘മേപ്പടിയാ’നിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വിഷ്ണു മോഹൻ, മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ‘കത്തനാർ’, ‘ഒറ്റക്കൊമ്പൻ’ തുടങ്ങി വമ്പൻ പ്രോജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നതിനിടെയാണ് ഗോകുലം മൂവീസ് മോഹൻലാൽ ചിത്രവും പ്രഖ്യാപിച്ചിരിക്കുന്നത്. താരരാജാവും യുവസംവിധായകനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.