Headlines

ബരാമതിയിൽ വിമാനാപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായി പരിശോധിക്കും

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ സൂക്ഷമമായി പരിശോധിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കും. വ്യോമയാന മന്ത്രാലയം, ഡിജിസിഎയോട് റിപ്പോർട്ട് തേടി. അജിത് പവാറിന്റെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖർ അനുശോചനം അറിയിച്ചു.അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ സൂക്ഷമമായി പരിശോധിക്കുകയാണ് ഡിജിസിഎ. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. ATC യുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.

അതേസമയം, അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ദുരന്തത്തിൽ അജിത് പവാറിനൊപ്പം അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അജിത് പവാർ അടക്കം ഇവരിൽ രണ്ട് പേർ പൈലറ്റുമാരും രണ്ട് പേർ യാത്രക്കാരുമായിരുന്നു.

ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം നിമിഷങ്ങൾക്കകം കഷണങ്ങളായി ചിന്നിച്ചിതറുന്നതാണ് വീഡിയോയിലുള്ളത്. റൺവേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയുമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിമാനം നിലത്ത് പതിച്ച ആഘാതത്തിൽ എൻജിനും മറ്റ് ഭാഗങ്ങളും വേർപെട്ട് ദൂരേക്ക് തെറിച്ചുപോയി. ഇതിന് പിന്നാലെ വിമാനം പൂർണ്ണമായും തീപിടുത്തത്തിൽ അമരുകയായിരുന്നു. അജിത് പവാറിന്റെ മൃതദേഹം ഉടൻ വസതിയിലേക്ക് കൊണ്ടുപോകും.