Headlines

‘ഐക്യ നീക്കത്തിന് രാഷ്ട്രീയമില്ല; SNDP ലക്ഷ്യം നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം’; വെള്ളാപ്പള്ളി നടേശൻ

തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ ലക്ഷ്യം നായർ- ഈഴവ ഐക്യമല്ല. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യം. ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെആർക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശൻ.മതവിദ്വേഷമില്ല. മുസ്ലീങ്ങളോട് വിരോധമില്ല. ലീഗ് കാണിച്ച വിഭാഗീയത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എതിർപ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ്. ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണ്. ആ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്നാണ് വരുത്തി തീർക്കുന്നത്. ഈഴവ സമുദായത്തെ തകർക്കാൻ ശ്രമം. കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തന്നെയും എസ്എൻഡിപിയെയും തകർക്കാനും തളർത്താനും പല രീതിയിലുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നോക്കി നിൽക്കാൻ കഴിയില്ലെന്നും അതിനല്ല പഠിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നീതി ലഭിക്കണം. അത് ലഭിച്ചില്ലെങ്കിൽ തുറന്നുപറയേണ്ടി വരും. തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് നേരെ വിരൽ ചൂണ്ടും. അത് സമുദായത്തിന്റെ കടമയാണ്. അതാണ് താൻ നിറവേറ്റുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി തുറന്ന പുസ്തകമാണെന്നും ആർക്കും വിമർശിക്കാമെന്നും അദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമായിരുന്നു. സുകുമാരൻ നായർ സഹകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഹകരിക്കുമെന്ന് ആദ്യം പ്രതികരിച്ചിരുന്നുവെന്ന് വെള്ളപ്പള്ളി നടേശൻ പറഞ്ഞു. തനിക്കെതിരെയുള്ള വിമർനങ്ങൾക്കെതിരെ ചുട്ടമറുപടി നൽകി, തന്നെ കരുത്തനായി നിർത്തിയതാണ് സുകുമാരൻ നായർ എന്ന് അദേഹം പറഞ്ഞു. ഐക്യത്തിന് വളരെ പിൻബലം നൽകിയിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.സുകുമാരൻ നായർ നിഷ്കളങ്കനാണ്. സത്യസന്ധ നിലപാടുകൾ ആദ്യം അദേഹം തുറന്ന് പറഞ്ഞു. ജി സുകുമാരൻ നായരേ ആദ്യം ഘട്ടത്തിൽ ഫോണിൽ വിളിച്ചു സംസാരിച്ചു. തുഷാറിനെ ചുമതലപ്പെടുത്തിയിരുന്നു. ബോർഡ് ചേർന്ന ശേഷം കാണാമെന്ന് സുകുമാരൻ നായർ പറ‍ഞ്ഞു. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. അദ്ദേഹം ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആളാണ്. ഭൂരിപക്ഷ അഭിപ്രായം അദേഹം പറയണം. അത് അദേഹം മാധ്യമങ്ങളോട് അറിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഐക്യത്തിൽ രാഷ്ട്രീയമെന്ന് എൻഎസ്എസ് പറയുന്നു. ഐക്യത്തിൽ എന്ത് രാഷ്ട്രീയ ഉദ്ദേശമെന്നാണ് പറയുന്നത്. എല്ലാം വ്യാഖ്യാനങ്ങളാണ്. ഐക്യം ഇല്ലാതായതിൽ വിഷമമോ പ്രതിഷേധമോ ഇല്ല. എൻഎസ്എസ് സഹോദര സമുദായമാണ്. ഐക്യമില്ലാത്തതിന്റെ പേരിൽ എൻഎസ്എസിനെയോ സുകുമാരൻ നായരെയോ നമ്മൾ തള്ളിപ്പറയരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാം ഉണ്ടാകും. അതിനായി കാത്തിരിക്കാം. സുകുമാരൻ നായർ എന്നെ തള്ളി പറയരുതേ എന്ന് അഭ്യർത്ഥിക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.