നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തളളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്നാണ് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു. ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടും. പാർട്ടി ആവശ്യപ്പെട്ടിട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന് മത്സരിച്ചത്. യൂത്ത് ലീഗ് സീറ്റ് ആവശ്യം ഔദ്യോഗികമായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് നിർദേശങ്ങൾ വെച്ചിട്ടുണ്ട് . മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക യൂത്ത് ലീഗ് കൈമാറിയിരുന്നു . സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മയിൽ, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉൾപ്പെടെ ആറു പേരുടെ പട്ടികയാണ് ലീഗ് നേതൃത്വത്തിന് കൈ മാറിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയത്.









