Headlines

മുസ്ലിം ലീഗ് നേതൃത്വവുമായി അതൃപ്തി: കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു

കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് രാജി. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഖമറുദ്ധീൻ പി കെ, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പികെ സി, ട്രഷറർ ജലീൽ ഒരിമുക്ക്, വൈ. പ്രസിഡൻ്റുമാരായ അഷ്ക്കർ പി പി, സയീദ് ദാരിമി, ജോ. സെക്രട്ടറിമാരായ മുഹമ്മദ് തെക്കേക്കാട്, ജംഷാദ് എടച്ചാക്കൈ എന്നിവരാണ് രാജിവെച്ചത്. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പരിഗണിച്ചിരുന്നില്ല. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധമുയർത്തി മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നേതാക്കളെ ഉപരോധിച്ചിരുന്നു.

പ്രതിഷേധമുയർത്തിയതിന് പിന്നാലെ യൂത്ത് ലീഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് ശരിയായ രീതിയിൽ അല്ലെന്നും കമ്മറ്റിക്ക് വിശ്വാസ്യതയില്ലെന്നും വിമർശനമുയർത്തി ചില മുസ്ലിംലീഗ് നേതാക്കൾ രംഗത്തെത്തി. നവംബർ രണ്ടിന് ചേർന്ന കൺവെൻഷനിൽ തെരഞ്ഞെടുത്ത കമ്മിറ്റിയാണ് മുസ്ലിം ലീഗ് നേതൃവുമായുള്ള തർക്കത്തെ തുടർന്ന് ഒരുമിച്ച് രാജിവെച്ചത്.