മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമര്‍ശനം. പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്നും പരാമര്‍ശം തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പുകളില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗിന് എതിര്‍പ്പുണ്ട്
മുനവറലി ശിഹാബ് തങ്ങളുടെയടക്കം നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു വിമര്‍ശനമുയര്‍ന്നത്.
പാര്‍ലമെന്ററി ബോര്‍ഡില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതിലും യൂത്ത് ലീഗിന് അതൃപ്തിയുണ്ട്. തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ യൂത്ത് ലീഗ് നന്നായി ഇടപെട്ടു. എന്നിട്ടും പരിഗണനയില്ലെന്നും വിമര്‍ശനം.
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്ന് പിഎം സലാം പറഞ്ഞു. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറയുകയായിരുന്നു.








