Headlines

‘അമേരിക്കൻ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസിൽ’ ഇന്ത്യ അംഗമാകരുത്’; ഇടത് പാർട്ടികൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസിൽ ഇന്ത്യ അംഗമാകരുതെന്ന് ഇടത് പാർട്ടികളുടെ സംയുക്ത പ്രസ്താവന. ഐക്യരാഷ്ട്രസഭയെ മറികടക്കാനും, ട്രംപിൻ്റെ നിയന്ത്രണത്തിൽ പുതിയ അന്താരാഷ്ട്ര ഘടന രൂപീകരിക്കാനുമാണ് ശ്രമമെന്നും വിമർശനം.ഗാസ സമാധാന ബോർഡ് എന്ന പേരിലെ നിലവിലെ അന്തരാഷ്ട്ര സ്ഥാപനങ്ങളെ മറികടക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ എതിർക്കണം.പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ ഇന്ത്യ പങ്കെടുക്കുന്നത് വഞ്ചനയാകും.ഇന്ത്യൻ സർക്കാർ അത്തരം നിർദ്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. യുഎസ് സാമ്രാജ്യത്വ ഭീഷണി നേരിടുന്ന പലസ്തീനെ പ്രതിരോധിക്കാൻ ദൃഢനിശ്ചയത്തോടെ നിലകൊള്ളണമെന്നും പ്രസ്താവനയിൽ പറയുന്നു.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എഐഎഫ്ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള അമേരിക്കയുടെ ഇത്തരം വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നാണ് ഇടതുകക്ഷികളുടെ ഉറച്ച നിലപാട്.