Headlines

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്തിയില്ല; പരിശോധന ആരംഭിക്കാനാകാതെ ഇഡി

തിരുവനന്തപുരം നന്തൻകോട്ടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്. സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർ‌ണ്ണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത് വിശദ പരിശോധന നടത്തും. ഇന്നലെ രാത്രിയോടെയാണ് എസ്ഐടി സംഘം സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിൻ്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ട്രോങ് റൂമിലുള്ള വാതിൽപ്പാളികൾ പുറത്തെടുത്ത് പരിശോധിക്കും. 1998 ൽ സ്വർണം പൊതിഞ്ഞ പാളികളാണ് ഇത്. കേട് പാട് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി പുതിയ പാളികൾ സ്ഥാപിച്ചത്.

അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.

കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകിട്ടാൻ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.

എൻ വാസുവിന്റെ വീട്ടിലും ദേവസ്വം ആസ്ഥാനത്തും ഇഡി പരിശോധന നടത്തുന്നുണ്ട്. ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ രേഖകളടക്കം പരിശോധിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. എ പത്മകുമാറിന്റെ ചില ബന്ധുക്കളുടെ വീട്ടിലും ഇഡി പരിശോധന നടത്താൻ ആലോചനയുണ്ട്.