Headlines

‘സജി ചെറിയാന്‍ തിരുത്തണം, പാര്‍ട്ടിയെ ദുര്‍ബലമാക്കി’; വിമർശിച്ച് സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് പരാമർശിച്ച് നടത്തിയ വിവാദ പ്രസ്താവന മന്ത്രി സജി ചെറിയാൻ തിരുത്തണമെന്ന് സിപിഐഎം. പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരുത്തൽ ആവശ്യപ്പെടും. വർഗീയത കലർന്ന പരാമര്‍ശം പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായക്ക് ദോഷം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു.
നിരന്തരം സജി ചെറിയാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിവാദം മൂർച്ഛിച്ച ശേഷവും വീണ്ടും ന്യായീകരിച്ചതും വീഴ്ചയെന്ന് സിപിഐഎം വിലയിരുത്തി. ജനറൽ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പരാമർശത്തെ ന്യായീകരിച്ചിരുന്നുവെന്നും വിമർശനം.

‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്.