‘സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ് ‘; പ്രതികരണവുമായി വി ശിവന്‍കുട്ടി

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം വരട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. ( V Sivankutty responds to Saji Cherian’s controversial remarks).സജി ചെറിയാന്റെ ഒരു വിശദീകരണം കൂടി വന്നോട്ടെ. തെറ്റിദ്ധരിക്കപ്പെട്ട് വന്ന വാര്‍ത്തയാണോ എന്ന് അറിയില്ല. അങ്ങനെയൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ്. വിശദീകരണം വരട്ടെ. കുറച്ച് കൂടി മനസിലാക്കിയിട്ട് പ്രതികരിക്കാം – അദ്ദേഹം പറഞ്ഞു.വീണ്ടും പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷത്തിന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ഇത്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുയുടെ പരാമര്‍ശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയമായ ഒരു ചേരിതിരിവിനെയും സിപിഐഎം പിന്തുണയ്ക്കില്ല. വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാട് ദേശീയാടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും എടുക്കുകയാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത് നാല് വോട്ടിന് വേണ്ടി നയം മാറ്റുന്നതിന് വേണ്ടി തയാറല്ലെന്നാണ്. ഒരു പഞ്ചായത്ത് കിട്ടാന്‍ വേണ്ടിയോ കോര്‍പറേഷന്‍ കിട്ടാന്‍ വേണ്ടിയോ നിലവിലുള്ള നയം മാറ്റാന്‍ തയാറല്ല – അദ്ദേഹം പറഞ്ഞു.എസ്എന്‍ഡിപി ആയാലും എന്‍എസ്എസ് ആയാലും ഐക്യപ്പെട്ട് കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ മുന്നോട്ടുപോകുന്നത് തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കൊക്കെ കൊടുക്കേണ്ട ബഹുമാനം കൊടുക്കാതിരിക്കുന്നത് ശരിയല്ല. അവരെയൊക്കെ വിമര്‍ശിക്കുമ്പോള്‍ അതിരു കടന്നു പോകുന്നതും ശരിയല്ല. ഒരുവശത്ത് ജമാഅത്ത് ഇസ്ലാമിയെ കൂട്ടുപിടിക്കുമ്പോള്‍ ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്. വര്‍ഗീയമായ ഒരു ചേരിതിരിവിനെയും സിപിഐഎം പിന്തുണയ്ക്കുന്നില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തി. പ്രസ്താവന വളച്ചൊടിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അത് എതിര്‍ക്കണമെന്നും സജി ചെറിയാന്‍ ചോദിച്ചു. 39 അംഗങ്ങള്‍ ഉള്ള കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ മതേരത്വം പറഞ്ഞ എല്‍ ഡി എഫിനും, കോണ്‍ഗ്രസിനും ലഭിച്ചത് തുശ്ചമായ സീറ്റ് മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വര്‍ഗീയത പറഞ്ഞ ബി ജെ പി 12 സീറ്റും മുസ്ലീം ലീഗിന് 22 സീറ്റ് ലഭിച്ചു. ഇതില്‍ പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

താന്‍ മതേതരവാദിയാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നയാളാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയണം. ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി ബിജെപി, ലീഗ്, ജമാ അത്തെ എന്നിവയുടെ ഭാ?ഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഇത് അപകടമാണെന്നാണ് പറഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.