മഡൂറോയുടെ ഭാര്യയോടും അമേരിക്കയ്ക്ക് പക; ആരാണ് സിലിയ ഫ്‌ളോറസ്?

വെനസ്വേലയെ ദശാബ്ദങ്ങളോളം നിയന്ത്രിച്ച മഡുറോ-സിലിയ സഖ്യം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ അധ്യായമാണ്. മഡുറോയുടെ കരുത്ത് ജനക്കൂട്ടമാണെങ്കിൽ, ആ കരുത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നത് സിലിയ ഫ്‌ളോറസാണ്. എതിരാളികൾ ലേഡി മാക്ബെത്ത് എന്നാണ് സിലിയയെ വിശേഷിപ്പിച്ചത്.വെനസ്വേലയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിക്കോളാസ് മഡുറോയെപ്പോലെ തന്നെ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമാണ് ഭാര്യ സീലിയ ഫ്‌ളോറസ്. പ്രസിഡന്റിന്റെ ഭാര്യ എന്നതിലുപരി, ‘ഒന്നാം പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീലിയ, മഡുറോ ഭരണകൂടത്തിന്റെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്.

ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് മഡൂറോയും ഭാര്യ സിലിയയും രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ബസ് ഡ്രൈവറായിരുന്ന മഡുറോ ഷാവേസിന്റെ വിശ്വസ്തനായി മാറിയപ്പോൾ, അഭിഭാഷകയായിരുന്ന സീലിയ ഷാവേസിന് നിയമസഹായം നൽകിയാണ് ശ്രദ്ധിക്കപ്പെട്ടത്. 1992-ൽ പ്രസിഡന്റ് കാർലോസ് ആൻഡസ് പെരസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് ശേഷം ജയിലിലായ ഹ്യൂഗോ ഷാവേസിനെ അറസ്റ്റിലായപ്പോൾ ഷാവേസിനെ മോചിപ്പിക്കാൻ നിയമപോരാട്ടം നടത്തിയത് സിലിയ ആയിരുന്നു.ഷാവേസിന്റെ മരണശേഷം 2013-ൽ മഡുറോ പ്രസിഡന്റായതോടെ സിലിയ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വനിതയായി മാറി. വെനസ്വേലൻ നാഷണൽ അസംബ്ലിയുടെ പ്രസിഡന്റായും അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ച അവർ, രാജ്യത്തെ നിയമ-ഭരണ നിർവ്വഹണങ്ങളിൽ വലിയ പങ്കുവഹിച്ചു. സാധാരണയായി പ്രസിഡന്റിന്റെ ഭാര്യയെ ‘ഫസ്റ്റ് ലേഡി’ എന്നാണ് വിളിക്കാറുള്ളത്. എന്നാൽ സിലിയ ഈ പദവി നിരസിക്കുകയും താൻ വിപ്ലവത്തിലെ ഒരു പോരാളിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മഡുറോയുടെ പല സുപ്രധാന തീരുമാനങ്ങൾക്കും പിന്നിൽ സീലിയയുടെ ബുദ്ധിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ‘ലേഡി മാക്‌ബെത്ത്’ എന്നും പലപ്പോഴും വിമർശകർ ഇവരെ വിശേഷിപ്പിക്കാറുണ്ട്. മഡൂറോയെപ്പോലെ സിലിയ ഫ്‌ളോാറസിനെതിരെയും കടുത്ത ആരോപണങ്ങൾ നിലവിലുണ്ട്. സിലിയയുടെ ബന്ധുക്കൾ ലഹരിക്കടത്ത് കേസിൽ അമേരിക്കയിൽ പിടിയിലായത് വലിയ വിവാദമായിരുന്നു. കൂടാതെ ഭരണകൂടത്തിലെ പ്രധാന തസ്തികകളിൽ സ്വന്തം ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന ആരോപണം സീലിയ നേരിടുന്നുണ്ട്.