എറണാകുളം വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ട്രാവലർ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ വൈറ്റില മേൽപ്പാലത്തിലാണ് സംഭവം. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്‌നറിന് പിന്നിൽ അതെ ദിശയിൽ തന്നെ പോകുകയായിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ട്രാവലർ വളരെ വേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ട്രാവലർ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. നിലവിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗത കുരുക്ക് തുടരുകയാണ്. അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം






