ഇ-ലേലത്തില്‍ ആക്രി വിറ്റ് പോകുന്നില്ല; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ വിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; നിബന്ധനകളില്‍ ഇളവ് വരുത്തി

ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വിറ്റ് ഒഴിവാക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന ധനവകുപ്പ്. ഇ-ലേലത്തില്‍ വിറ്റ് പോയില്ലെങ്കില്‍ വകുപ്പുകള്‍ക്ക് നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താം.

ഇ- ലേലത്തില്‍ ആക്രി വിറ്റ് പോകാത്ത പശ്ചാത്തലത്തിലാണ് ആക്രി വില്‍പ്പനയ്ക്കുള്ള കര്‍ശന നിബന്ധനകളില്‍ ധനവകുപ്പ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇ- കൊമേഴ്‌സിന് വേണ്ടിയുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു നിശ്ചിത ദിവസം ഇ-ലേലം നടത്തണമെന്നുമായിരുന്നു നിബന്ധന. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇ-ലേലത്തില്‍ വിറ്റ് പോകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ തന്നെ പഴയ വാഹനങ്ങള്‍ സര്‍ക്കാര്‍ ഓഫിസ് വളപ്പുകളില്‍ കാലങ്ങളോളം കിടന്ന് തുരുമ്പിച്ച് നശിക്കുന്ന അവസ്ഥ ഉണ്ടാകുകയാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് വകുപ്പുകള്‍ നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താമെന്ന ധനവകുപ്പിന്റെ നിര്‍ദേശം.

നേരിട്ട് വില്‍പ്പന നടത്തുന്നതിന് മുന്‍പായി ഒരു തവണയെങ്കിലും നിര്‍ബന്ധമായി ഇ-ലേലം നടത്തിയിരിക്കണം. അതില്‍ വിറ്റുപോകാത്ത വസ്തുക്കളുടെ വില്‍പ്പനയാണ് ഇത്തരത്തില്‍ നേരിട്ട് നടത്താനാകുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കും എന്ന രീതിയില്‍ പഴയ വസ്തുക്കള്‍ വിറ്റ് ഒഴിവാക്കാനാണ് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.