തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്; അധികാരത്തിലേറുക 2116 ജനപ്രതിനിധികള്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് ,മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി യോഗങ്ങള്‍ ഇന്ന് നടക്കും.

മേയര്‍ ,മുന്‍സിപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 26ന് നടക്കും. 27ന് ആണ് ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ചേരും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമായിരിക്കും ഈ യോഗത്തിന്റെ അധ്യക്ഷന്‍. 2116 ജനപ്രതിനിധികളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ജില്ലാ പഞ്ചായത്തില്‍ ഈ ചടങ്ങുകള്‍ കളക്ടറുടെ മേല്‍ നോട്ടത്തിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളുടെ വരണാധികാരികളുടെ നേതൃത്വത്തിലുമാണ് നടക്കുക.