കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ എന്തെന്ന് ദുരൂഹത. ഇന്നലെ രാത്രിയാണ് കണ്ടെയ്നർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ഒരാൾ ഓടിരക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഡോർ തകർത്താണ് രാജസ്ഥാൻ സ്വദേശി രക്ഷപ്പെട്ടത്
ഊട്ടിയിൽ നിന്ന് കാർ കവർന്ന് കടത്തിയെന്ന് സംശയത്തിലാണ് എറണാകുളം പനങ്ങാട് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ രജിസ്ട്രേഷനിലായിരുന്നു കണ്ടെയ്നർ ലോറി. പൊലീസ് സ്റ്റേഷനിലെ ബാത്‌റൂമിന്റെ ജനൽ തകർത്താണ് കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
കവർച്ചാ സംഘമെന്ന സംശയത്തെ തുടർന്നാണ് പനങ്ങാട് പോലീസ് ഇന്നലെ ഒരു കണ്ടെയ്നർ ലോറിയെയും മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പനങ്ങാട് നെട്ടൂര് വെച്ചായിരുന്നു ഇവരെ കണ്ടെയ്നർ തടഞ്ഞുനിർത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ചാ സംഘമാണ് എന്നായിരുന്നു പോലീസിന് രഹസ്യ വിവരം ലഭിച്ചത്. പാലിയേക്കര ടോൾ പ്ലാസ പാസ് ചെയ്ത് പോയതിനുശേഷം കണ്ടെയ്നറിനെ പോലീസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പിന്നീട് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിൽ ഒരാൾക്ക് രാത്രിയിൽ ബാത്റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ ബാത്റൂമിൽ എത്തിച്ചു. പിന്നാലെ സ്റ്റേഷനിലെ ബാത്റൂം അകത്തുനിന്ന് ലോക്ക് ചെയ്തതിനുശേഷം ജനൽ പൊളിച്ചാണ് പുറത്ത് താടി രക്ഷപ്പെടുകയായിരുന്നു. ബാക്കി രണ്ടുപേരും ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമായിരിക്കും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുക. കണ്ടെയ്നർ പോലീസ് തുറന്ന് പരിശോധിച്ചിരുന്നു. കണ്ടെയ്നറിനകത്തുനിന്ന് ഗ്യാസ് കട്ടറുകൾ അടക്കമുള്ള വസ്തുക്കൾ പോലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കവർച്ചാ സംഘമാണ് എന്നുള്ള നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പനങ്ങാട് പോലീസ് ഉള്ളത്.