സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. രോഗം സ്ഥിരീകരിച്ച 152 പേരിൽ 98 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും സമ്പർക്കത്തിലൂടെ 8 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തുടർച്ചയായ ആറാം ദിവസമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 15 പേർ ഡൽഹിയിൽ നിന്നെത്തിയതാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 12 പേർക്കും മഹാരാഷ്ട്ര 5, തമിഴ്‌നാട് 5, കർണാടക 4, ആന്ധ്ര 3, ഗുജറാത്ത് 1, ഗോവയിൽ നിന്നുവന്ന ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരിൽ കൂടുതലും പത്തനംതിട്ട ജില്ലയിൽ നിന്നാണ്. 25 പേരാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം 18, കണ്ണൂർ 17, പാലക്കാട് 16, തൃശ്ശൂർ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസർകോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2 പേർക്കുമാണ് രോഗബാധ
ഇന്ന് 81 പേർ രോഗമുക്തി സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 35 പേർ കോഴിക്കോട് ജില്ലയിൽ നിന്നാണ്. കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, എറണാകുളം 4, തൃശ്ശൂർ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂർ 10 പേരുമാണ് രോഗമുക്തി സ്വന്തമാക്കിയത്. ഇന്ന് മാത്രം 4941 സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 3603 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1691 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,54,759 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.