Headlines

‘ക്ഷേമപെൻഷന് 1200 കോടി രൂപ വിതരണം ചെയ്തു, കേരളത്തിൽ വിലക്കേയറ്റം തടുത്തു നിർത്താനായി’: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്.

കൺസ്യൂമർഫെഡ്,ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങൾ ഭാഗമായി അണിനിരക്കുന്നുണ്ട്. കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു. ഓണം നല്ല രീതിയിൽ ആഘോഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

ക്ഷേമപെൻഷൻ നൽകുന്നതിന് 1200 കോടി രൂപ വിതരണം ചെയ്തു. 60 ലക്ഷം പേർക്ക് അതിൻറെ ഗുണം അനുഭവിക്കാൻ കഴിയും. സർക്കാർ ജീവനക്കാർ സംതൃപ്തമായി ഓണം ആഘോഷിക്കേണ്ടത് ഏറ്റവും പ്രധാനം. ശമ്പളം, ഡിഎ മറ്റ് ആനുകുല്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അതിന് 42100 കോടി രൂപ ചെലവഴിച്ചു. എല്ലാ മേഖലകളിലും വികസനത്തിന്റെ സ്പർശമേൽക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വയനാട് റോഡ് യാത്ര വല്ലാത്ത കീറാമുട്ടിയായി കിടന്ന പ്രശ്നമാണ്. അതിന് ശാശ്വത പരിഹാരമാണ് വയനാട് ഇരട്ട തുരങ്ക പാത. ഉദ്ഘാടന വേളയിൽ തടിച്ചുകൂടിയ ജനാവലിയുടെ ആകെ സന്തോഷം വല്ലാത്ത അനുഭവവുമായി. എല്ലാ ഭേദ ചിന്തകൾക്കും അപ്പുറം നാട് ഒന്നാകെ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. നാടിൻറെ ഒരുമയുടെയും ഐക്യത്തിന്റെയും ഭാഗമായാണ് ഇതെല്ലാം സത്യമാകുന്നത്.

ഇവിടെ അസാധ്യമായത് ഒന്നുമില്ലെന്ന് നാട് തെളിയിക്കുന്നു. മറുഭാഗത്ത് ഇതിനെയെല്ലാം തടസ്സം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ പല കോണുകളിൽ നിന്ന് നടക്കുന്നു.

നാടിൻറെ പുരോഗതിയെ അതിനോടൊപ്പം നിന്ന് സഹായിക്കേണ്ട കേന്ദ്രസർക്കാർ സമീപനം തീർത്തും നിരാശാജനകമെന്നും അക്കാരണത്താൽ ഒരു ക്ഷേമ പദ്ധതിയും ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഈ രാജ്യത്ത് പലകാര്യങ്ങളിലും ഇന്ന് കേരളം ഒന്നാമതാണ്. ഇതിലും കൂടുതൽ ഉയരത്തിലേക്ക് നാട് സഞ്ചരിക്കേണ്ടതുണ്ട്. എല്ലാകാര്യത്തിലും നമ്പർ വൺ എന്ന നിലയിലേക്ക് കേരളത്തെ ഉയർത്താൻ കഴിയണം, അത് അസാധ്യമായ ഒന്നല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.