തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരിക്കുന്നു. വിമതരും സ്വതന്ത്രരുമൊക്കെയായി മത്സരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരില്‍ നിരവധി പേര്‍ പട്ടിക അവസാന ഘട്ടത്തില്‍ പിന്‍വലിച്ചു. നേതാക്കളുടെ ഇടപെടലുകളും അഭ്യര്‍ഥനകളും മിക്കയിടങ്ങളിലും ഫലം കണ്ടെങ്കിലും വിമതര്‍ക്ക് ഒരു കുറവും ഈ തിരഞ്ഞെടുപ്പിലും ഉണ്ടാവില്ലെന്നാണ് വിമത സ്ഥാനാര്‍ഥികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വിമതശല്യം നേരിടുന്നത് കോണ്‍ഗ്രസിലാണെങ്കിലും, ഇടതുപക്ഷത്തും, ബിജെപിയിലും വിമതരുടെ ശല്യമുണ്ട്.
വിമതര്‍ വോട്ടു പിടിച്ചാല്‍ വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തോല്‍വി സംഭവിക്കാം. ഇതാണ് എല്ലാ സ്ഥാനാര്‍ഥികളേയും ഭയപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും വിമതര്‍ രംഗത്തുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമാണ് ഏറെയുള്ളത്. വിമതന്മാരെ വരുതിയിലാക്കാനായി പ്രമുഖ നേതാക്കള്‍ നേരിട്ട് കളത്തിലിറങ്ങിയതോടെ ചിലര്‍ അവസാന നിമിഷം കളംവിട്ടു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ യുഡിഎഫില്‍ വിമതശല്യം ഏറെയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലും യുഡിഎഫിന് വിമതശല്യമുണ്ട്. കല്ലായി, ചാലപ്പുറം വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥികളുള്ളത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി, പൂവാട്ടുപറമ്പ് എന്നിവിടങ്ങളിലും വിമത സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും ഫലമുണ്ടായില്ല. വടകര നഗഗരസഭയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് വിമതനും രംഗത്തുണ്ട്.
വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ജഷീര്‍ പത്രിക പിന്‍വലിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി രംഗത്തിറങ്ങുമെന്നാണ് ജംഷീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജഷീര്‍ പള്ളിവയലിന് യുഡിഎഫ് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല.
പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമതരായി മാറിയത്. പാലക്കാട് ജില്ലയില്‍ വിവിധയിടങ്ങളില്‍ സിപിഐഎം നേതാവായ പികെ ശശിയെ അനുകൂലിക്കുന്നവര്‍ ഇടത് വിമതരായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നിയോഗിച്ച ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പെയ്ഡ് സീറ്റെന്ന ആരോപണം ഉയര്‍ത്തി വിമതരായി രംഗത്തെത്തിയവരും പത്രിക പിന്‍വലിച്ചിട്ടില്ല.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതശല്യം ഏറ്റവും കൂടുതല്‍ വലച്ചത് യുഡിഎഫിനെ ആയിരുന്നു. തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ഭരണം നഷ്ടമായത് വിമതരുടെ വിജയമായിരുന്നു. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വിമതനായി രംഗത്തെത്തിയ എംകെ വര്‍ഗീസ് വിജയിച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് വിമതനെ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ സിപിഐഎം തീരുമാനിച്ചതോടെ എംകെ വര്‍ഗീസ് എല്‍ഡിഎഫ് പാളയത്തിലെത്തി. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയറെ മാറ്റാമെന്ന് കരുതിയാണ് എംകെ വര്‍ഗീസിനെ മേയറാക്കിയതെങ്കിലും അഞ്ച് വര്‍ഷം വിമതനെ മേയറാക്കി ഇടതുപക്ഷം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി. താന്‍ എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നാണ് എംകെ വര്‍ഗീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ലീഗ് വിമതനായി വിജയിച്ച കെകെ അഷറഫ് ഇത്തവണ എല്‍ഡിഎഫിനോട് വിടപറയുകയും ലീഗിന്റെ ടിക്കറ്റില്‍ മത്സരിക്കുകയുമാണ്.
യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരണം. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനെ വലച്ച കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിമതനായി എത്തിയിരിക്കുകയാണ്. 12 സീറ്റുകളില്‍ പികെ രാഗേഷ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിന് ഭരണം പിടിക്കാനായ ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. നേരത്തെ പികെ രാഗേഷിന്റെ പിന്തുണയില്‍ ഇടതുമുന്നണി കോര്‍പ്പേറഷന്‍ ഭരണം പിടിച്ചെങ്കിലും രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ ഇടതിന് കണ്ണൂരിലെ ഭരണം നഷ്ടമാവുകയായിരുന്നു. പികെ രാഗേഷിന്റെ വിമത നീക്കം കോണ്‍ഗ്രസിന് ഇത്തവണ തലവേദനയാണ്.
പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് ഇത്തവണ പരസ്യമായി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ട്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലാണ് ഗോപിനാഥും സംഘവും ഇടതുപക്ഷത്തോട് ചേര്‍ന്ന് മത്സരിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷമായി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായയത്ത് കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. കോണ്‍ഗ്രസ് കുത്തക അവസാനിപ്പിക്കുമെന്നാണ് ഗോപിനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമത സ്ഥാനാര്‍ഥികളാണുള്ളത്. 6, 23, 31, 33 ഡിവിഷനുകളിലാണ് വിമതര്‍ തുടരുന്നത്. നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാളിയതോടെ വിമതര്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരം കടുപ്പിക്കുമെന്നുറപ്പായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അവസാനഘട്ടത്തില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ ആരൊക്കെയായിരിക്കും? വിമതന്മാരുടെ ചിറകിലേറി ആരൊക്കെ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര സോപാനത്തില്‍ എത്തുമെന്നാണ് ഇനി അറിയാനുള്ളത്.







