വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത വിഎം വിനുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം: വീഴ്ചയില്‍ തത്ക്കാലം അച്ചടക്ക നടപടി വേണ്ടെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

സംവിധായകന്‍ വി എം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് തീരുമാനം.

വി എം വിനുവിന് വോട്ടില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ രാജേഷിന് സംഭവിച്ച വീഴ്ചയാണെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. രാജേഷില്‍ നിന്ന് രാജി എഴുതി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ കമ്മിറ്റിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്ന് മുതിര്‍ന്ന നേതാവ് എം കെ രാഘവന്‍ അഭിപ്രായപ്പെടുകയും ഇതിന് അംഗീകാരം ലഭിക്കുകയുമായിരുന്നു. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ നടപടി ഇപ്പോള്‍ വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നുവെന്നുമാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

രാജേഷിനെതിരെ പോളിംഗ് കഴിഞ്ഞ ശേഷം കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യത. വി എം വിനുവിന് വോട്ടുണ്ടെന്ന് കൗണ്‍സിലര്‍ രാജേഷ് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് വിനുവിനെ സ്ഥാനാര്‍ഥിയാക്കാനും പ്രചാരണം നടത്താനുമുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് നടത്തിയത്. തെറ്റായ വിവരം ഡിസിസിക്ക് നല്‍കിയത് രാജേഷിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര പിഴവെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.