കലഹത്തില്‍ നിന്ന് കൂടിക്കാഴ്ചയിലേക്ക്; ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്

വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും. നിശിത വിമര്‍ശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പ്രതികരിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍ സൊഹ്‌റാന്‍ ക്വാമെ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമമായ ട്യൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. താന്‍ ഇതിന് സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ട്രംപ് കുറിച്ചു. മംദാനിയുടെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ട്രംപ്, നവംബര്‍ നാലിലെ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മംദാനിയുടെ വിജയം ന്യൂയോര്‍ക്ക് സിറ്റിക്ക് സമ്പൂര്‍ണ സാമ്പത്തിക – സാമൂഹിക ദുരിതം ആയിരിക്കുമെന്ന് വിമര്‍ശിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിത ചെലവിന് പരിഹാരം കാണുമെന്ന വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മംദാനി വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ഉയര്‍ന്ന ജീവിതച്ചെലവിന് ട്രംപിന്റെ സാമ്പത്തിക നയങ്ങളും കാരണമാണെന്ന് മംദാനി വ്യക്തമാക്കി. അടുത്തവര്‍ഷം ജനുവരി ഒന്നിനാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേല്‍ക്കുന്നത്.

മേയര്‍ തെരഞ്ഞെടുപ്പില്‍ മംദാനിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉയര്‍ത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ മംദാനി ന്യൂയോര്‍ക്ക് സിറ്റിയെ കമ്യൂണിസ്റ്റ് ക്യുബയാക്കി മാറ്റുമെന്നും മംദാനി തീവ്രവാദിയാണെന്നുമായിരുന്നു ട്രംപിന്റെ ആക്ഷേപം. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്നുള്‍പ്പടെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.