സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് കണ്ടെത്തൽ. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലാണ് കണ്ടെത്തൽ. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങി, തസ്തിക നിലനിർത്താൻ അഡ്മിഷൻ ക്രമക്കേടും നടത്തി.വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാർ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളിൽ ആയിരുന്നു മിന്നൽ പരിശോധന നടന്നിരുന്നത്. അതിൽ ഡിഡിഇ ഓഫിസ് അടക്കം ഉൾപ്പെടും.
ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ അനധികൃതമായി നിയമിച്ചതായി കണ്ടെത്തി. എയ്ഡഡ് നിയമങ്ങൾക്ക് ക്ലർക്കുമാർ ഗൂഗിൾ പേ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. അധ്യാപക തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളുടെ അഡ്മിഷൻ അറ്റൻഡൻസ് രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയിട്ടുള്ളത്. കണ്ണൂരിലുള്ള ഒരു സ്കൂളിൽ 28 ഓളം കുട്ടികൾ പഠിക്കുന്നുണ്ടെന്ന് വ്യാജമായി കാണിച്ച് രജിസ്റ്ററിൽ അടക്കം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിനീടുള്ള പരിശോധനയിലാണ് സ്കൂളിൽ ആകെ 9 പേർ മാത്രമാണ് പഠിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.






