വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; വി ശിവന്‍കുട്ടിയുള്‍പ്പടെ പിന്നിലുണ്ടെന്ന് സംശയം; കെ മുരളീധരന്‍

മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും ആ വന്ന് അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.. ആ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പതിനാലാം തിയതി കാലത്ത് തന്നെ ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ഞങ്ങളോട് സൂചന നല്‍കിയിരുന്നു. അന്നേ ദിവസം ഞങ്ങളുടെ കോര്‍പറേഷന്‍ മാര്‍ച്ചിന്റെ സമയത്ത് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, പതിനാലാം തീയതി വൈകുന്നേരം പേര് വെട്ടിക്കൊണ്ടുള്ള തീരുമാനം വന്നു. മേയര്‍ മാത്രമാണ് പിന്നിലെന്ന് കരുതുന്നില്ല. ഇന്ന് ശിവന്‍കുട്ടി ഒരു സ്റ്റേറ്റ്‌മെന്റ് ഇറക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കാതെ സ്ഥാനാര്‍ഥികളാക്കി എന്ന് പറഞ്ഞിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ ശിവന്‍കുട്ടിയുള്‍പ്പടെയുള്ളവര്‍ പിറകിലുണ്ടെന്ന് സംശയമുണ്ട് – അദ്ദേഹം പറഞ്ഞു.

എന്തിന് പേര് വെട്ടി എന്നുള്ളതിനെ കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയ സ്ഥിതിക്ക് ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. മത്സരിക്കാനുള്ള അവകാശങ്ങളെ ഒരിക്കലും ഹനിക്കാന്‍ പാടില്ല. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിട്ടുപോലും അത് എന്തുകൊണ്ട് അത് വെട്ടി. വൈഷ്ണവിയുടെ ഭാഗം കേട്ടില്ല എന്ന് മാത്രമല്ല പരാതിക്കാരന്‍ ഹാജരാവാതിരിക്കുകയും ചെയ്തു. വൈഷ്ണ പരാതി പറയാന്‍ വേണ്ടി അവിടെ ചെന്നു. വൈഷ്ണയുടെ പരാതി കേള്‍ക്കാതെ ഹാജരാവാത്ത ഹര്‍ജിക്കാരന്റെ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തു. അത് തികച്ചും കുറ്റകരമാണ്.ചട്ടങ്ങളുടെ നഗ്നമായിട്ടുള്ള ലംഘനമാണ്. അതുകൊണ്ടാണ് പറഞ്ഞത് ബിഹൈന്‍ഡ് ദ കര്‍ട്ടന്‍ ഏതോ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. അത് ആരെന്ന് കണ്ടുപിടിക്കും. നിയമനടപടിയുമായി മുന്നോട്ട് പോകും – മുരളീധരന്‍ വ്യക്തമാക്കി.

വിഷയത്തില്‍ നല്ല രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്തിനാണ് ഇങ്ങനെയുള്ള ഒരു ചീപ്പായ കളി കളിക്കുന്നത്? മത്സരിക്കുന്നവര്‍ മത്സരിക്കട്ടെ. ജനം തീരുമാനിക്കട്ടെ. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാള്‍ക്ക് മത്സരിക്കാല്ലോ. അങ്ങനെ മത്സരിക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് നോമിനേഷന്‍ തള്ളിക്കുന്നതെന്തിനാണ്? മത്സരം നടക്കട്ടെ. ജനങ്ങളാണ് പരമാധികാരി. ജനങ്ങള്‍ തീരുമാനം എടുക്കട്ടെ. അതില്‍ ഭയപ്പെടുന്നത് എന്തിനാണ്? – അദ്ദേഹം പറഞ്ഞു.