കോൺഗ്രസ് വാദം പൊളിയുന്നു; വി.എം. വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേയർ സ്ഥാനാർത്ഥി, സംവിധായകൻ വി.എം. വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തൽ. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിലാണ് വിനുവിന്റെ പേര് ഇല്ലാതിരുന്നത്. താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും കോർപ്പറേഷൻ പട്ടിക അട്ടിമറിച്ചുവെന്നുമാണ് വി.എം. വിനുവിന്റെ പ്രതികരണം. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

പുതുക്കിയ വോട്ടർ പട്ടിക ഇന്നലെ പുറത്തിറങ്ങിയപ്പോളാണ് വി.എം. വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയുന്നത്. പിന്നാലെ തനിക്ക് വോട്ട് ഉണ്ടെന്നും നടക്കുന്നത് ഗൂഢാലോചനയെന്ന വാദവുമായി വിനുവും കോൺഗ്രസും രംഗത്ത് വന്നു.

കോർപ്പറേഷൻ പട്ടിക അട്ടിമറിച്ചുവെന്നും നടക്കുന്നത് അനീതിയെന്നും ആവർത്തിക്കുകയാണ് വി.എം. വിനു. 2020-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഹൈകോടതിയെ സമീപിക്കാനാണ് ഡിസിസിയുടെ തീരുമാനം. പിന്നിൽ സിപിഐഎം ഉണ്ടെന്നും കോൺഗ്രസ് ആവർത്തിക്കുമ്പോൾ, വിനുവിനെ അവഹേളിക്കാൻ കരുതിക്കൂട്ടി കോൺഗ്രസ് നടത്തുന്ന നാടകം മാത്രമാണെന്ന നിലപാടിലാണ് സിപിഐഎം.

വോട്ട് നീക്കിയ നടപടി ചോദ്യം ചെയ്ത് കോർപ്പറേഷൻ ഓഫീസിൽ നേരിട്ടെത്തി വി.എം. വിനു പരാതിയും നൽകിയിട്ടുണ്ട്. നടപടിക്കെതിരെ ഹൈകോടതിയിൽ ഇന്ന് തന്നെ ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്നുണ്ട് ഡിസിസി. വിധി എതിരായാൽ കല്ലായി ഡിവിഷനിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഇറക്കാനാണ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്.