ബിഹാറിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ കരുത്ത് പകര്‍ന്നതോടെ ജയിച്ചുകയറാനാകുമെന്ന വമ്പന്‍ ആത്മവിശ്വാസത്തിലാണ് ബിഹാര്‍ ബിജെപി. ഫലമറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മറിച്ചൊരു ഫലവും എന്‍ഡിഎ മുന്നില്‍ കാണുന്നില്ല. ബിജെപി ആസ്ഥാനത്ത് 500 കിലോ ലഡ്ഡു ഒരുക്കിയും നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച മറ്റ് മധുരപലഹാരങ്ങള്‍ തയ്യാറാക്കിയും പൂക്കളും മറ്റും ശേഖരിച്ചും ഫലം കാണാന്‍ ടിവി സ്ക്രീനുകള്‍ ക്രമീകരിച്ചും തിരക്കിട്ടൊരുങ്ങുകയാണ് ബിജെപി. എക്സിറ്റ് പോളുകളല്ല എക്സാറ്റ് പോളാണ് നോക്കേണ്ടതെന്ന് ആര്‍ജെഡി നേതാക്കള്‍ ഓര്‍മിപ്പിക്കുമ്പോഴും മധുരപലഹാലങ്ങള് കൊണ്ട് ഓഫിസുകളും പരിസരങ്ങളും നിറയ്ക്കുന്ന തിരക്കിലാണ് ബിജെപി പ്രവര്‍ത്തകര്‍
ബിജെപി ബിഹാര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു 500 കിലോ ലഡ്ഡുവിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ ബിജെപി ഓഫിസ് പരിസരങ്ങളില്‍ ചൂടോടെ ജിലേബി ഉണ്ടാക്കിയെടുക്കുന്നുമുണ്ട് പ്രവര്‍ത്തകര്‍. പ്രധാനമമന്ത്രി നരേന്ദ്രമോദി, നിതീഷ് കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പതിപ്പിച്ച കേക്കുകളും ഉടന്‍ തയ്യാറാകും. പ്രമേഹ രോഗികളെക്കൂടി പരിഗണിച്ചുകൊണ്ട് പഞ്ചസാര കുറച്ചാണ് പാചകം.
ജയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പാട്നയില്‍ ജനങ്ങള്‍ക്ക് ഗംഭീര വിരുന്ന് നല്‍കാനും ബിജെപി നേതാക്കള്‍ പദ്ധതിയിടുന്നുണ്ട്. ജയിച്ച് മുന്നേറുമ്പോള്‍ കണ്ണേറ് കിട്ടാതിരിക്കാനെന്ന് പറഞ്ഞ് ഓഫിസിലും പരിസരത്തും നാരങ്ങയും മുളകും കോര്ത്തിടുന്നുമുണ്ട് ചില പ്രവര്‍ത്തകര്‍. ജയമുറപ്പിച്ചാല്‍ പാര്‍ട്ടികള്‍ സ്ഥിരം ചെയ്യാറുള്ള പടക്കം പൊട്ടിക്കല്‍ പരിപാടി പക്ഷേ ഇത്തവണ കാണില്ല. ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കരുതെന്നും വിജയാഘോഷം ലളിതമായി നടത്തണമെന്നും എല്ലാ നേതാക്കള്‍ക്കും ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും വിജയാഘോഷത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം.







