ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ അൽ-ഫലാ യൂണിവേഴ്‌സിറ്റിയുടെ അംഗത്വം സസ്‌പെൻഡ് ചെയ്ത് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിസ്. സ്ഫോടനത്തിന് പിന്നാലെ അൽ-ഫലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി അൽ ഫലാ സർവകലാശയ്ക്ക് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ജമ്മു കശ്മീർ സ്വദേശിയായ പ്രൊഫസർ ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് ഹാപ്പൂരിലെ ജിഎസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖിനെ ഡൽഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ ഉണ്ടെന്ന് കരുതുന്ന മറ്റൊരു കാശ്മീരി ഡോക്ടർക്കെതിരെ ജമ്മു കശ്മീർ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബായിൽ ഉള്ള മുസാഫിർ റാത്തർ എന്ന് കണ്ടെത്തി. ഇയാൾ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.







