Headlines

ഡൽഹി സ്ഫോടനം: മുഖ്യ പ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് ഇടിച്ച് നിരത്തി

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിലെ പുൽവാമയിലെ വീടാണ് ഇടിച്ച് തകർത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമർ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബായിൽ ഉള്ള മുസാഫിർ റാത്തർ എന്ന് കണ്ടെത്തി. ഇയാൾ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.

സ്‌ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.