ബിഹാര്‍ എക്‌സിറ്റ്‌പോള്‍; എന്‍ഡിഎ ക്യാമ്പ് ആവേശത്തില്‍; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ മുന്നണി

ബിഹാറില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്‍ വിജയം പ്രവചിച്ചതോടെ എന്‍ഡിഎ ക്യാമ്പ് ആവേശത്തില്‍. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാല്‍ മന്ത്രിസഭയുടെ ഘടന അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമികമായ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മുന്നണി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിടും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് തേജസ്വി യാദവ് പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയ ചരിത്രം ബിഹാറിനുണ്ട്. സംസ്ഥാന ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത് . ഇത് ഭരണ വിരുദ്ധ വികാരത്തെ സൂചിപ്പിക്കുന്നതായി മഹാസഖ്യം അവകാശപ്പെടുകയാണ്. അതിനിടെ, സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് നടപടിയെന്ന് രാജി കത്തില്‍ സൂചിപ്പിച്ചു. യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു ഷക്കീല്‍ അഹമ്മദ് .

രണ്ട് ഘട്ടങ്ങളിലായി ബിഹാറില്‍ വോട്ട് രേഖപ്പെടുത്തിയത് 69.91 ശതമാനം പേരാണ്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും.

അധികാര തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളിലെ പ്രവചനം. എസ്ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അനുകൂലമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. മഹാഗഡ്ബന്ധന്‍ ബിഹാറില്‍ എന്‍ഡിഎയ്ക്ക് വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്ലാ എക്സിറ്റ് പോളുകളും എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്.