തിരുനാവായയിൽ കുംഭമേളക്ക് ആയി നിർമിച്ച പാലത്തിൽ പൊലീസ് പരിശോധന. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലികമായി പാലം നിർമിക്കുന്നത് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞിരുന്നു.പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് നമ്പർ നൽകിയതോടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.
പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്.
ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലിക പാലം നിർമാണം ഒരാഴ്ചയോളമായി നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്തുള്ള മണൽപ്പരപ്പിലേക്കു പോകാനാണ് താത്കാലിക പാലം. ഈ മണൽപ്പരപ്പിലാണ് കുംഭമേളയുടെ പൂജകളും മറ്റും നടക്കുക. മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പൊലീസും എത്തി നിർമാണം നിർത്തിവെക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
അതേസമയം തിങ്കളാഴ്ചമുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിത്തുടങ്ങി. ദിവസവും രാവിലെ നിളാ സ്നാനവും വൈകീട്ട് കാശിയിൽ ഗംഗാ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.






