കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സുമടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് പാളികള്‍ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റും.
കുടുങ്ങിക്കിടക്കുന്ന ബിജുവിനോടും സന്ധ്യയോടും രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. ഇരുവരുടെയും ശരീരം കുടുങ്ങിക്കിടക്കുന്നതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. സന്ധ്യയുടെ ഭര്‍ത്താവ് ബിജു ഇപ്പോഴും വീടിനുള്ളിലാണ്.
ആശുപത്രിയിലേക്ക് മാറ്റുമെന്നും ചികിത്സയ്ക്ക് ആവശ്യമായത് എല്ലാം ചെയ്യുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാലിന് മാത്രമാണ് പരുക്ക് ഉള്ളതായാണ് മനസിലാക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.
രാത്രി 10.45നാണ് അപകടമുണ്ടായത്. മണ്ണ് ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വീഴുകയായിരുന്നു. പ്രദേശത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മിനിഞ്ഞാന്ന് തന്നെ ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കളക്ടറും പറഞ്ഞു.
ഇന്നലെയും മാറാന്‍ തയാറാകാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് കൊടുത്ത് ആളുകളെ മാറ്റിയത്. 25ഓളം കുടുംബങ്ങളെ മാറ്റിയത് കൊണ്ട് കൂടുതല്‍ അപകടമൊന്നും ഉണ്ടായില്ല – അദ്ദേഹം പറഞ്ഞു.മറ്റുള്ള കുടുംബങ്ങളെ ആറരയോടെ അപകട സാധ്യത മേഖലയില്‍ നിന്ന് മാറ്റിയെന്ന് പ്രദേശവാസി പറയുന്നു. മറ്റുള്ളവര്‍ മാറിയെങ്കിലും തൊട്ടടുത്തുള്ള തറവാട്ടിലേക്ക് മാറിക്കൊള്ളാമെന്ന് പറഞ്ഞ് ഇരുവരും ഇവിടെ തുടരുകയായിരുന്നു. മാറിയോ എന്ന് വിളിച്ചന്വേഷിച്ചപ്പോഴും മാറി എന്നായിരുന്നു പറഞ്ഞിരുന്നതെന്നും പ്രദേശവാസി പറഞ്ഞു. പിന്നാലെ അപകടമുണ്ടാവുകയായിരുന്നു.






