Headlines

ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തെരച്ചിൽ

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 2 വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.