Headlines

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്, പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍. അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ റൂറൽ എസ്പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്നാണ് റൂറൽ എസ്പി ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെ ലാത്തിച്ചാർജിന്‍റെ ദൃശ്യം പുറത്ത് വന്നതോടെ പൊലീസ് വെട്ടിലായിരുന്നു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് അടക്കം പ്രതിഷേധമാർച്ച് നടത്താനാണ് യുഡിഎഫ് തീരുമാനം.

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. പ്രതിശ്രുത വരനും വീട്ടുകാര്‍ക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. മുമ്പ് ശൈവ വിവാഹത്തിന് പൊലീസ് കേസെടുക്കം എടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്. പരിസരവാസികള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. 14കാരിയെ പ്രായപൂര്‍ത്തിയായ യുവാവാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു