കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം; വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ല

കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധവുമായി കെ മുരളീധരന്‍. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയമായി കോണ്‍ഗ്രസിന് ലാഭമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഇന്ന് പന്തളത്താണ് സമാപനം. അതിലാണ് ഏറ്റവും അവസാന ദിവസം ഒരു വലിയ കല്ലുകടിയുണ്ടായത്. നാല് മേഖല ജാഥകളുടെ ക്യപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ വിട്ടുനില്‍ക്കുകയാണ്.

കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് വിവരം. ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ കെ മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു. ഇന്നലെ ചെങ്ങന്നൂരില്‍ മേഖലാ ജാഥ സമാപിച്ചു. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്‍മാരും ഒന്നിച്ച് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് ജാഥ നടത്താന്‍ തീരുമാനിച്ചത്.

കെഎം ഹാരിസിന്റെ പേരായിരുന്നു കെ മുരളീധരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കാലങ്ങളോളമായി കെ മുരളീധരനോടൊപ്പമുള്ള മരിയാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു എന്നാണ് വിലയിരുത്തല്‍. അതൃപ്തി നേതൃത്വത്തെ അറിയിക്കാനും മുരളീധരന്‍ ശ്രമിക്കുന്നുണ്ട്.