Headlines

‘പരമാവധി ശിക്ഷ ലഭിച്ചു; വിധിയിൽ തൃപ്തരാണ്, മക്കൾക്ക് സർക്കാർ ജോലി നൽകണം’; സജിതയുടെ കുടുംബം

പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ലഭിച്ച വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ കുടുംബം. പ്രതീക്ഷിച്ചിരുന്നു വിധിയാണ്. കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ ലഭിച്ചിട്ടുണ്ട്. ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ പറഞ്ഞു. ഇനി പരോളോ ജാമ്യമോ ചെന്താമരയ്ക്ക് ലഭിക്കരുത്. ഭയത്തിലാണ് ജീവിക്കുന്നതെന്ന് മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിയില്‍ നില്‍ക്കുമ്പോഴും ഭയമുണ്ടായിരുന്നു. കോടതിയ്ക്കും സഹായിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മക്കള്‍ പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് സജിതയുടെ സഹോദരി സരിത ആവശ്യപ്പെട്ടു. അവർക്ക് ആരും ഇല്ലാതാക്കിയതാണ് ചെന്താമര. സർക്കാർ എന്തെങ്കിലും സഹായിക്കണം. സർക്കാർ സംരക്ഷണം നൽകണം. എല്ലാവരും ജോലി നൽകാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ ഒന്നുമായിട്ടില്ല. സർക്കാർ ഇതുകൂടി പരി​ഗണിക്കണമെന്ന് സരിത പറഞ്ഞു.

കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാനാവില്ലെന്നുംകോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക നില ഭദ്രമെന്നും കോടതി നിരീക്ഷിച്ചു. മേൽക്കോടതിയിൽ അപ്പീൽ പോകില്ലെന്ന് പ്രോസിക്യൂട്ടർ എംജെ വിജയകുമാർ പറഞ്ഞു.