Headlines

വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനം?

വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യത്തെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഒന്‍പതോളം പേര്‍ മരിച്ചത് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണെന്ന് അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയപ്പോഴാണ് സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെയാണ് സൈന്യം വധിച്ചതെന്നാണ് ഗസ്സയിലെ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഐഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇതിനിടെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതില്‍ ഹമാസ് കാലതാമസം വരുത്തുന്നു എന്ന് കാണിച്ച് മനുഷ്യാവകാശ സഹായവുമായി എത്തുന്ന ട്രക്കുകള്‍ ഗസയിലേക്ക് കടത്തിവിടുന്നത് നിയന്ത്രിക്കും എന്ന് ഇസ്രയേല്‍ അറിയിച്ചു. ഹമാസ് സ്വയം പൂര്‍ണമായും നിരായുധീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി.