പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിലാണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പിരായിരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എത്തിയത്. രാഹുലിന്റെ കാർ അങ്ങാടിയിൽ എത്തുമ്പോഴേക്കും കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി ഡിവൈഎഫ്ഐ ബി ജെ പി പ്രവർത്തകർ എത്തിയിരുന്നു. ഏറെ നേരം കാറിനകത്തിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും ചേർന്നൊരുക്കിയ വലയത്തിൽ ഇറങ്ങി നടന്നു. വീടുകൾ കയറിയും കാത്തിരുന്നവരോട് വിശേഷം പറഞ്ഞുമായിരുന്നു ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയത്. ഇതിനിടെ മതിലിൽ കയറിയും ഇടവഴികളിൽ കാത്തിരുന്നും ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വളരെ രഹസ്യമായി മൂന്നോളം പൊതുപരിപാടികളിൽ രാഹുൽ പങ്കെടുത്തിരുന്നു. എന്നാൽ മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച് പരസ്യമായി പരിപാടിയിൽ പങ്കെടുത്താൽ പ്രതിഷേധമുണ്ടാവുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും വ്യക്തമാക്കിയിരുന്നു.