പാലക്കാട് റോഡ് ഉദ്‌ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്‌ഐയും ബിജെപിയും. കാറിലെത്തിയ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാലക്കാട് പിരായിരിയിലെ റോഡ് ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്‍റെ ഉദ്ഘാടനമാണ് നടന്നത്.
എംഎൽഎയുടെ കാറിന് മുന്നിൽ ഗോ ബാക്ക് വിളിച്ചും തടിച്ചുകൂടുകയുമായിരുന്നു ബിജെപി ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നു.
അതിനിടെ ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. രാഹുലിനെ ഉയർത്തിയെടുത്താണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നാട മുറിച്ചശേഷം രാഹുലിനെ എടുത്തുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പൊതുപരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.ഏറെ നാടകീയമായ സംഭവങ്ങൾക്കാണ് അല്പസമയം മുൻപ് പിരായിരി സാക്ഷ്യം വഹിച്ചത്.
പിരായിരി എന്ന് കേൾക്കുമ്പോഴേ ചിലർക്ക് ഭ്രാന്തിളകും. സംസ്ഥാന സർക്കാരിന് പാലക്കാട് എംഎൽഎയോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടെന്നും അതുകൊണ്ടാണ് മറ്റെല്ലാ എംഎൽഎമാർക്കും ഫണ്ട് അനുവദിക്കുമ്പോൾ പാലക്കാട് എംഎൽഎയ്ക്ക് മാത്രം ഫണ്ട് അനുവദിക്കാത്തതെന്നും രാഹുൽ ഉദ്‌ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. നവകേരള സദസ്സിൽ കേരളത്തിലെ എല്ലാ എംഎൽഎമാർക്കും 7 കോടി രൂപ വീതം ഫണ്ട് നൽകി. പക്ഷെ പാലക്കാട് എംഎൽഎയ്ക്ക് മാത്രം ആകെ അഞ്ച് കോടി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ ഈ തുകയാണിപ്പോൾ പിരായിരി പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിനായി ചിലവഴിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ആര് എന്ത് പ്രതിസന്ധി ഉണ്ടാക്കിയാലും പാലക്കാട്ടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എന്നെ ഈ ജനങ്ങൾ വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇവിടെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പ്രതിഷേധത്തെ കാര്യമാക്കുന്നില്ല. കാർ തടഞ്ഞാൽ മണ്ഡലം മുഴുവൻ നടക്കാനും തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.