പാലക്കാട് കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ബിനു നിധിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ. നിധിന്‍ കത്തിയെടുത്ത് കുത്താനെത്തിയപ്പോള്‍ ബിനു വെടിവെക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
തോക്കുമായാണ് ബിനു നിധിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ബിനുവിന്റെ തോക്കിന് ലൈസന്‍സില്ല. ബിനുവിന്റെ പക്കല്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി.
മരുതുംക്കാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപം ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. വഴിയരികില്‍ മരുതുംക്കാട് സ്വദേശി ബിനുവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിനുവിന്റെ സമീപത്ത് നിന്നും നാടന്‍ തോക്കും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് സമീപത്തെ വീട്ടില്‍ നിതിനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിനുവും നിധിനും പരിചയക്കാരാണ്. വെടിവെക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നതായി ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ബിനു കഴിഞ്ഞ ദിവസം മകനോട് മോശമായി സംസാരിച്ചതായി നിതിന്റെ അമ്മ ഷൈല പറയുന്നു. സമീപത്ത് വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ മൃതദേഹം കണ്ടപ്പോള്‍ മാത്രമാണ് പ്രദേശവാസികള്‍ വിവരം അറിഞ്ഞത്.