Headlines

ഗസ്സയിലെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് പിന്നിലെന്ത്? ലക്ഷ്യം മറ്റൊരു കോണ്‍സന്‍ട്രേഷന്‍ ക്യാംപ്?

ഗസ്സയിലെ റഫയില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകര്‍ത്തുകൊണ്ടിരിയ്ക്കുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. റഫയില്‍ മാനുഷിക നഗരം സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണോ ഇത്? എന്താണ് ഗസ്സയിലെ മാനുഷിക നഗരം? പുതിയകാല കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ആകുമോ അത്?പരിശോധിക്കാം.

ഗസ്സയിലെ വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തന നിയന്ത്രണത്തിലെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗസ്സ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫയിലാണ് ഏറ്റവുമധികം കെട്ടിടങ്ങള്‍ തകര്‍ത്തത്. റഫയില്‍ ‘ഹ്യുമാനിറ്റേറിയന്‍ സിറ്റി’ അഥവാ ”മാനുഷിക നഗരം’ സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം ആദ്യം ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ് റഫയില്‍ മാനുഷിക നഗരം സൃഷ്ടിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു.

തുടക്കത്തില്‍ ആറു ലക്ഷത്തോളം പലസ്തീന്‍കാരെയും പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ പലസ്തീന്‍കാരെയും മാനുഷിക നഗരത്തിലെ താമസക്കാരാക്കി മാറ്റാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്. മാനുഷിക നഗരത്തില്‍ ഹമാസിന് ഇടമുണ്ടാകില്ല. അന്താരാഷ്ട്ര സേനയാകും അവിടത്തെ നിയന്ത്രണം. 450 കോടി ഡോളറാണ് പദ്ധതിയുടെ മുതല്‍മുടക്ക്

ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്കുമേലുള്ള ഹമാസിന്റെ നിയന്ത്രണം അവസാനിപ്പിക്കുക വഴി ഹമാസിന്റെ ശക്തി ക്ഷയിപ്പിക്കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് തന്നെ മാനുഷിക നഗരത്തിനെതിരെ രംഗത്തുവന്നിരുന്നു. റഫയുടെ അവശിഷ്ടങ്ങളില്‍ ഇസ്രയേല്‍ പണിയുന്നത് ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ആയിരിക്കുമെന്നും പലസ്തീന്‍കാരെ അവിടെ നിര്‍ബന്ധിച്ച് താമസിപ്പിക്കുന്നത് വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്നും ഓള്‍മെര്‍ട്ട് കുറ്റപ്പെടുത്തി. ഒരിക്കല്‍ അകത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാനല്ലാതെ പലസ്തീന്‍കാരെ പുറത്തുവിടില്ലെന്ന് ഇസ്രയേല്‍ കട്സ് പ്രസ്താവന സൂചിപ്പിക്കുന്നത് അതാണെന്നും ഓള്‍മെര്‍ട്ട് വ്യക്തമാക്കി. പലസ്തീന്‍കാരെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിടുന്ന ഒരു പുതിയ കാല കോണ്‍സ്ട്രേഷന്‍ ക്യാമ്പാണ് മാനുഷിക നഗരമെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ രൂപരേഖയാണ് അതെന്നുമാണ് ഇസ്രയേലി മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും പറയുന്നത്.