ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു
ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡനോണ്‍ നിലപാട് വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥനയേയും ഇസ്രയേല്‍ അപലപിച്ചു. ഇറാന് ഇരവാദം ഉയര്‍ത്തരുതെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ നിന്ന് ഐക്യരാഷ്ട്രസഭ ഇസ്രയേലിനെ തടയണമെന്നാണ് ഇറാന് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇറാന് ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് ബോംബിട്ടപ്പോള്‍ ജീവന് നഷ്ടമായത് ഗര്‍ഭിണികള്‍ ഉള്പ്പടെയുള്ളവര്ക്കാണെന്നും ഇറാന് അംബാസിഡര്‍ ആമിര്‍ സൈയ്ദ് ഇറവാനി ചൂണ്ടിക്കാട്ടി.
അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇസ്രയേലും ഇറാനും രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. ടെഹ്റാനിലും ബുഷ്ഹെറിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങളും ഇറാന് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായിരുന്നു ഇസ്രയേല്‍ ലക്ഷ്യംവെച്ചത്. അതേസമയം ഇസ്രയേലിലെ ഹൈഫയില്‍ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിലെ നഗരങ്ങളില്‍ തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.