രണ്ട് മാസക്കാലമായി നാഥനില്ലാ കളരിയായി തുടർന്ന യൂത്ത് കോൺഗ്രസിന് ഒടുവിൽ നാഥനായിരിക്കുന്നു. സംഘടനാ തലപ്പത്തേക്ക് അബിൻ വർക്കി, കെഎം അഭിജിത്ത്, ബിനു ചുള്ളിക്കൽ എന്നീ പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് ഒജെ ജനീഷ്. തൃശൂർ മാള സ്വദേശിയാണ് ഒജെ ജനീഷ്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയാണ് ജനീഷ്. തൃശൂർ ജില്ലയിലെ പ്രവർത്തന മികവാണ് ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് എത്തിച്ചത്.
ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്ത് സംസ്ഥാന കമ്മിറ്റിയിലെ പല പരിപാടികളും തൃശൂര്‍ ജില്ലയിലായിരന്നു നടത്തിയത്. അന്ന് ഷാഫിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു ജനീഷ്. ഷാഫി പറമ്പില്‍ തന്നെ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. അബിൻ വർക്കിക്കായി ഐ ഗ്രൂപ്പും കെഎം അഭിജിത്തിനായി എ ഗ്രൂപ്പ് സമ്മർദം ശക്തമാക്കിയെങ്കിലും വിലപ്പോയില്ല. ഒജെ ജനീഷ് എന്ന പേരിലേക്ക് ദേശീയ നേതൃത്വം എത്തുകയായിരുന്നു.
ജനീഷിന്റെ തൃശൂര്‍ ജില്ലയിലെ സംഘടനാ പാടവവും നേതൃത്വം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ജനീഷ് കെഎസ്‍യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റായിരുന്നു. 2007ൽ കെഎസ്‍യു മാള നിയോജകമണ്ഡലം പ്രസിഡന്‍റായും 2012ൽ കെഎസ്‍യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റുമായി പ്രവർത്തിച്ചിട്ടുണ്ട്. 2017 കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റായി. 2020-23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.
അതേസമയം സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറി ഒഴിവാക്കാനുള്ള നടപടിയുടെ നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായി നിയമിച്ചതാണ് ഒന്ന്. യൂത്ത് കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിക്കുന്നത്. മറ്റൊന്ന് അബിൻ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചതാണ്.