അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചു. ഇത്തവണ വനിതാ മാധ്യമപ്രവർത്തകർക്ക് വാർത്താസമ്മേളനത്തിൽ ക്ഷണമുണ്ട്. വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിന് ശേഷം ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് വീണ്ടും വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്.അമീർ ഖാൻ മുത്തഖി, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ വാർത്താസമ്മേളനം നടന്നത്.
വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരേ മാത്രമാണ് ക്ഷണിച്ചിരുന്നത്.
വിമർശനങ്ങൾ ഉയർന്നതോടെ, വനിത മാധ്യമപ്രവർത്തകർ ഒഴിവാക്കിയതിൽ പങ്കില്ലെന്നും, വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് ആരോപിച്ച് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയതിന് കേന്ദ്ര സർക്കാരിനെയും വിമർശിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചത്.