Headlines

‘ കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ല; എല്ലാം ഷാഫി ഷോ’ ; വി കെ സനോജ്

കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതെല്ലാം ഷാഫിയുടെ ഷോയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ പേരാമ്പ്രയില്‍ പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ വേണ്ടി ലാത്തി ചാര്‍ജി നടത്തിയിട്ടില്ല. സംഘടിതമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘം എത്തുകയായിരുന്നു. അതിന് നേതൃത്വം കൊടുത്തുകൊണ്ട് ഷാഫി പറമ്പിലും ഇക്കൂട്ടത്തില്‍ ചേര്‍ന്നു. അക്രമ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ആവശ്യമായ നിലപാട് അവിടെ സ്വീകരിച്ചിട്ടുണ്ട്. ഇത്തരമൊരു നിലപാട് സ്വീകരിക്കാതെ, ഈ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടട്ടെ എന്ന് പറഞ്ഞ് പൊലീസിന് മാറി നില്‍ക്കാന്‍ കഴിയുമോ. ഷാഫി പറമ്പിലിനെ തിരഞ്ഞു പിടിച്ചു മര്‍ദിച്ചു എന്നൊക്കെയാണ് ചിലയാളുകള്‍ അവതരിപ്പിക്കുന്നത്. പൊലീസ് ഷാഫി പറമ്പിലിനെ ഇങ്ങനെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ. ഇതെല്ലാം ഷാഫിയുടെ ഷോയാണ് – അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ പ്രശ്‌നങ്ങള്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് വി കെ സനേജ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസ് ഇന്ന് അകപ്പെട്ടിട്ടുള്ള അഗാധമായ പ്രതിസന്ധിയുണ്ട്. കെഎസ്‌യു ഉള്‍പ്പടെ പ്രതിസന്ധിയിലേക്കാണ്. കാരണം, കാലങ്ങളായി വിജയിച്ചു വന്ന കെഎസ്‌യുവിന്റെ പല കോട്ടകള്‍ക്കും ഇന്നലെ ഇളക്കം തട്ടി. കെഎസ്‌യുവും എംഎസ്എഫും തമ്മില്‍ മത്സരം നടന്നു. കെഎസ്‌യു തോറ്റയിടങ്ങളില്‍ എംഎസ്എഫ് ബാനര്‍ ഉയര്‍ത്തിയത് മതേതരത്വം വിജയിച്ചു എന്നാണ്. എംഎസ്എഫ് തോറ്റയിടങ്ങളില്‍ കെഎസ്‌യു ബാനര്‍ ഉയര്‍ത്തിയത് മതേതരത്വം വിജയിച്ചു, വര്‍ഗീയത പരാജയപ്പെട്ടു എന്നാണ് – അദ്ദേഹം പറഞ്ഞു.

നാണംകെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ ഷാഫി നടത്തുന്ന ഷോയാണ് ഇതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പൊതുസമൂഹത്തിന് മുന്നില്‍ അവര്‍ വിവസ്ത്രരായിക്കുകയാണ്. വയനാട് ദുരന്തബാധിതരെ മുന്‍നിര്‍ത്തി കോടിക്കണക്കിന് രൂപ പിരിച്ചു. ആ പിരിച്ച പണം ഏത് വഴിയിലാണ് പോയത്. ഏതെല്ലാം കേസുകള്‍ സെറ്റില്‍ ചെയ്യാണ് ആ പണം ഉപയോഗിച്ചത് എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയരുന്ന ചോദ്യമുണ്ട്. വയനാടിന് വേണ്ടി പിരിച്ച പണം എവിടെ, അതുമായി ബന്ധപ്പെട്ട അഴിമതി, ഗര്‍ഭഛിദ്രം ഉള്‍പ്പടെയുള്ള അങ്ങേയറ്റം അപഹാസ്യമായിട്ടുള്ള കാര്യങ്ങള്‍. ഇതിനെല്ലാം മുന്നില്‍ അങ്ങേയറ്റം നാണംകെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ ഷാഫി നടത്തുന്ന ഷോയാണ്. കഞ്ഞിക്കുഴി സതീശന്റെ റോളാണ് കേരള രാഷ്ട്രീയത്തില്‍ ഷാഫി പറമ്പില്‍ ആടിക്കൊണ്ടിരിക്കുന്നത്. ഇതിനൊന്നും മുന്നില്‍ കേരളം കീഴ്‌പ്പെടുന്ന പ്രശ്‌നമില്ല -അദ്ദേഹം പറഞ്ഞു.