വിജയ്യുടെ രാഷ്ട്രീയ നീക്കത്തെ തുടക്കം മുതല്‍ അല്‍പ്പം ഭീതിയോടെ കണ്ടിരുന്നത് ഡി എം കെ ആയിരുന്നു. തമിഴകത്തെ പ്രധാന ദ്രാവിഡ രാഷ്ട്രീയ മുന്നണി ഡി എം കെയുടേതാണ്. ദീര്‍ഘകാലം അധികാരം കൈയ്യാളിയ എ ഐ എ ഡി എം കെ തമ്മില്‍തല്ലിയും നേതാക്കള്‍ തമ്മില്‍ പോരടിച്ചും തകര്‍ന്നതോടെ ഡി എം കെ ചോദ്യം ചെയ്യപ്പെട്ടാത്ത രാഷ്ട്രീയ ശക്തിയായി മാറി.
തമിഴകം അടക്കിവാണിരുന്ന കുമാരി ജയലളിതയുടെ മരണത്തോടെ അനാഥമായതാണ് എ ഐ എ ഡി എം കെ. എടപ്പാടി പളനി സ്വാമിയും പനീര്‍ശെല്‍വവും തമ്മിലുണ്ടായ അധികാര മത്സരത്തില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായി എടപ്പാടി പളനിസ്വാമി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തതും എടപ്പാടിയായിരുന്നു. തമിഴകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള വിവിധ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള വഴിയായിരുന്നു എ ഐ എ ഡി എം കെയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട്. എന്നാല്‍ സിനിമാ താരങ്ങളെ എന്നും നേതാക്കളായി കണ്ടിരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ വിജയുടെ വരവില്‍ നേരിയ ആശങ്കപുലര്ത്തിയിരുന്ന ബി ജെ പി പുതിയ നീക്കത്തിലാണ്. എ ഐ എ ഡി എം കെയുടെ സഹായത്തോടെ ടി വി കെ നേതാവ് വിജയിയെ എന്‍ ഡി എ പാളയത്തില്‍ എത്തിക്കുകയാണ് ആ നീക്കം. ഡി എം കെയെ തോല്‍പ്പിക്കാന്‍ ഒരുമിക്കണമെന്നാണ് എടപ്പാടി പളനിസ്വാമി വിജയിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബി ജെ പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചായിരുന്നു നടന് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. അഞ്ചുവര്‍ഷം മുന്‍പുണ്ടായ ഒരു റെയ്ഡിൽ ആരംഭിച്ച രാഷ്ട്രീയ ശത്രുതയില്‍ നിന്നും രൂപംകൊണ്ട ടി വി കെ എന്ന രാഷ്ട്രീയ പ്രസ്ഥാനം ഡി എം കെയുമായും ബി ജെ പിയുമായും സഖ്യത്തിനില്ലെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കരൂര്‍ ദുരന്തം വിജയിയുടെ രാഷ്ട്രീയ ലൈന്‍ മാറ്റിയെഴുതുകയാണെന്നാണ് തമിഴകത്തുനിന്നും ലഭിക്കുന്ന സൂചനകള്‍.
കരൂര്‍ ദുരന്തത്തിന് വഴിവച്ചത് ഡി എം കെയുടെ ഗൂഢാലോചനയാണെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്. ഉന്നതതല അമ്പേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്ന വിജയ് ലക്ഷ്യമിടുന്നത് ഒരു സി ബി ഐ അന്വേഷണമാണ്. കേന്ദ്ര ഏജന്‍സിയെ കരൂര്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണചുമതല ഏല്‍പ്പിക്കാന്‍ ഭരണ കക്ഷിയായ ഡി എം കെ ഒരുക്കമല്ല. കോടതിയെ സമീപിച്ച ടി വി കെ ആവശ്യപ്പെട്ടിരിക്കുന്നതും കരൂര്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ്.
എന്‍ ഡി എ ക്യാമ്പിലേക്ക് നീങ്ങുന്നതായി സൂചന: കരൂര്‍ ദുരന്തത്തോടെ വലിയ പ്രതിസന്ധിയിലായ ടി വി കെ യെ സംരക്ഷിക്കുന്നതിനും കൂടെ നിര്‍ത്തുന്നതും ബി ജെ പി ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. അപകടം ഉണ്ടായതിന് തൊട്ടുപിന്നാലെ നടനും ടി വി കെ ചെയര്‍മാനുമായ വിജയിയെ ബി ജെ പി നേതാവും, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വിളിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറായ വിജയ് പക്ഷേ, ഫോണില്‍ അമിത് ഷായുമായി സംസാരിക്കാന്‍ പോലും തയ്യറായില്ല. എന്നാല്‍ ബി ജെ പി- എ ഐ എ ഡി എം കെ സഖ്യത്തിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച വിജയ് ബി ജെ പിയുമായി ബന്ധമുണ്ടാക്കില്ലെന്നായിരുന്നു ഇപ്പോഴും പറയുന്നത്.
ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ത്താണ് തമിഴ് സൂപ്പര്‍താരം വിജയ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. വലിയ തിരിച്ചടികള്‍ക്കിടെ സ്വന്തമായി തട്ടകം പെരിയോരുടേയും ദ്രാവിഡ രാഷ്ട്രീയമാണ് താനും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന സന്ദേശമാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ മുന്നോട്ടുവച്ചത്. തമിഴ് വെന്‍ട്രി കഴകം എന്ന പേരില്‍ രൂപീകരിച്ച സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു വിജയ്. വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിയ താരത്തെ നേരില്‍ കാണാനായി പതിനായിരങ്ങള്‍ ഒഴുകിയെത്തി. കരൂരില്‍ വിജയ് എന്ന താരത്തെ കാണാനായി ഒഴുകിയെത്തിയ ജനക്കൂട്ടം തകര്‍ത്തെറിഞ്ഞത് 41 മനുഷ്യജീവനുകളായിരുന്നു.
വിജയ് മുന്നുമാസം നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ വിശദീകരണ റാലികള്‍ക്ക് തുടക്കമിട്ടപ്പോള്‍ തന്നെ ഡി എം കെ വിജയിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വിജയുടെ റാലികളില്‍ വന്നുചേരുന്നവരില്‍ 90 ശതമാനം ആളുകളും ആരാധകരാണെന്നും, ഒരു തിരഞ്ഞെടുപ്പോടെ ആളില്ലാ പാര്‍ട്ടിയായി ടി വി കെ മാറുമെന്നായിരുന്നു ഡി എം കെയുടെ വിലയിരുത്തല്‍. എന്നാല്‍ കരൂര്‍ ദുരന്തത്തോടെ വിജയയും ടി വി കെ എന്ന പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലായി. ദുരന്ത ഭൂമിയില്‍ നിന്നും വിജയ് ആരുമറിയാതെ മുങ്ങിയെന്ന ആരോപണമാണ് വിജയിയെ പ്രതിരോധത്തിലാക്കിയത്.
വിജയ് തന്റെ രാഷ്ട്രീയ വിശദീകരണ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. യാത്ര തുടരണമെങ്കില്‍ അത്ര എളുപ്പമല്ലെന്ന് വിജയ് തിരിച്ചറിയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്തുവിലകൊടുത്തും യാത്ര പുനരാരംഭിക്കാനുള്ള വഴിയാണ് വിജയും ടി വി കെ നേതൃത്വവും ആലോചിക്കുന്നത്. തല്ക്കാലം ബി ജെ പി മുന്നണിയിലേക്ക് പോവാന്‍ ഒരു പക്ഷേ, വിജയ് തയ്യാറായേക്കില്ല. എന്നാല്‍ ഡി എം കെയെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ ഡി എം കെ വിരുദ്ധരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് വിജയ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി എം കെയെയും എന്‍ ഡി എയും ഒരുമിച്ച് നേരിടുകയായിരുന്നു ടി വി കെ ലക്ഷ്യമിട്ടിരുന്നത്. 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരിഞ്ഞെടുപ്പില്‍ വന്ശക്തിയാവാനും, അട്ടിമറി വിജയം നേടാനുമായുള്ള ചടുലമായ നീക്കങ്ങളാണ് വിജയുടെ ടി വി കെ ആരംഭിച്ചിരുന്നത്. എന്നാല്‍ സംഘാടനത്തിലുണ്ടായ വീഴ്ചയില്‍ നിലനില്‍പ്പുപോലും ഭീഷണിയിലായിരിക്കുന്ന ടി വി കെയ്ക്ക് തനിച്ചുള്ള പോരാട്ടം അത്ര എളുപ്പമായിരിക്കില്ല.
എടപ്പാടി പളനിസ്വമായുടെ ക്ഷണം സ്വീകരിക്കുമെന്ന് ടി വി കെ വ്യക്തമാക്കിയിട്ടില്ല. കരൂര്‍ ദുരന്തത്തിന് ശേഷം മിക്കവിഷയങ്ങളിലും ഒറ്റക്കെട്ടായ നിലപാട് പ്രഖ്യാപിക്കാന്‍ ടി വി കെ നേതൃത്വത്തിന് പറ്റാത്തൊരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതും വിജയിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ദുരന്തം നടന്ന കരൂര്‍ സന്ദര്‍ശിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കളെ നേരിട്ട് ആശ്വസിപ്പിക്കാനും ധനസഹായം സംബന്ധിച്ചുള്ള വ്യക്തത വരുത്താനുമാണ് വിജയ് ശ്രമിക്കുന്നത്. തന്റെ യാത്ര പുനരാരംഭിക്കാനുള്ള ചര്‍ച്ചകളും വിജയ് ആരംഭിച്ചിട്ടുണ്ട്. പൊലീസും മറ്റും സംവിധാനങ്ങളും പരാജയപ്പെട്ടതാണ് കരൂരില്‍ മഹാദുരത്തിലേക്ക് തള്ളിവിട്ടതെന്ന നിലപാടിലാണ് വിജയ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസുണ്ടായില്ല. ജനക്കൂട്ടത്തില്‍ പാര്‍ട്ടിക്കാരല്ലാത്തവര്‍ നുഴഞ്ഞുകയറി കരുതിക്കൂട്ടി തിരക്കുണ്ടാക്കി ആളുകളെ ഭയപ്പെടുത്തിയെന്നും വിജയ് ആരോപിച്ചിരുന്നു.
ഡി എം കെയെന്ന പാര്‍ട്ടിയെ തകര്‍ക്കാനായി ഇറങ്ങിത്തിരിച്ച വിജയ് പക്ഷേ, കരൂര്‍ ദുരന്തത്തോടെ കടുത്ത പ്രതിരോധത്തിലായി. രാഷ്ട്രീയ പക്വതയില്ലാത്തതാണ് കരൂര്‍ ദുരന്തത്തിന് വഴിവെച്ചതെന്നായിരുന്നു പ്രതിയോഗികള്‍ ആരോപിച്ചിരുന്നത്.
മതവിശ്വാസത്തെയും ജാതിയെയും പാടെ തള്ളിക്കളഞ്ഞ സാമൂഹ്യ പരിഷ്ക്കർത്താവായ പെരിയോര്‍ തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയമാണ് താനും മുന്നോട്ടുവെക്കുന്നതെന്നായിരുന്നു വിജയ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തമിഴകത്തിന്റെ അധികാരം പിടിക്കാനായി പുറപ്പെട്ട വിജയ്ക്ക് കാലിടറുമോ, അതോ എല്ലാം മറന്ന് ടി വി കെ മുന്നേറുമോ എന്ന് ഉടന്‍ വ്യക്തമാവും.
എടപ്പാടിയുടെ നീക്കത്തില്‍ വിജയ് കൈകൊടുക്കുമോ, ബി ജെ പിയോടൊപ്പം ചേര്‍ന്ന് ഡി എം കെയെ വീഴ്ത്താന്‍ വിജയ് ഉണ്ടാവുമോ തുടങ്ങിയ ചോദ്യങ്ങളാണ് തമിഴകത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍. ഡി എം കെയ്ക്കെതിരെ എല്ലാ ശക്തികളും ഒരുമിക്കുന്നതിനെ എല്ലാ രീതിയിലും എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിനും സംഘവും.