കരൂരിലെ അപകടത്തിന് പിന്നാലെ ടി വി കെ അധ്യക്ഷന്‍ വിജയിക്കെതിരെ പ്രധാന പാര്‍ട്ടികളൊക്കെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ കരുതലോടെയാണ് നീങ്ങുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ വിജയിയെ വിമര്‍ശിക്കേണ്ടന്നാണ് പാര്‍ട്ടികളുടെയും നയം. സിപിഐഎം മാത്രമാണ് വിജയ്‌യെ കടന്നാക്രമിച്ചത്.
തമിഴക രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറാന്‍ ഉള്ള യാത്രയില്‍ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കരൂരില്‍ ഉണ്ടായത്. വിജയ്‌യുടെ വരവ് കാര്യമായി അലട്ടിയിരുന്നത് ഡിഎംകെയേയും, എഐഎഡിഎംകെയേയും ബിജെപിയേയും ആയിരുന്നു. അപകടത്തിന് ശേഷം ഡിഎംകെയുടെ പ്രധാന നേതാക്കള്‍ വിജയ്‌യുടെ പേര് പോലും പറയുന്നില്ല. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷമോ, മദ്രാസ് ഹൈക്കോടതി പ്രതിസ്ഥാനത്ത് നിര്‍ത്തിയ ശേഷമോ മാത്രം വിജയ്‌യെ കടന്നാക്രമിച്ചാല്‍ മതിയെന്നാണ് ഡിഎംകെയുടെ തീരുമാനം. വിമര്‍ശന മുനമ്പില്‍ നിര്‍ത്തി വിജയ്ക്ക് ജനങ്ങളുടെ മനസ്സില്‍ സഹതാപം ഉണ്ടാക്കി നല്‍കേണ്ടെന്നും ധാരണ. പാതിരാത്രി കരൂരില്‍ എത്തിയ മുഖ്യമന്ത്രിയുടെ നീക്കം ഉള്‍പ്പടെ ഗുണം ചെയ്യുമെന്ന് ഡി എം കെ വിലയിരുത്തുന്നു. പൊലീസിന് എതിരായ ആരോപണങ്ങളും ഡിഎംകെ അവഗണിക്കുന്നു. എഐഎഡിഎംകെ ആകട്ടെ അപകടത്തില്‍ ഡിഎംകെയെ ആണ് പ്രതിസ്ഥാനത്തുനിര്‍ത്തുന്നത്. ജുഡീഷ്യല്‍ അന്വേഷണം തൃപ്തികരമല്ല. പൊലീസ് വീഴ്ച യാണ് അപകടത്തിന് കാരണമെന്ന് എടപ്പാടി പളനിസ്വാമി പറയുന്നു.
വിജയ്‌യെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് ബിജെപിയാണ്. അതില്‍ തന്നെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും. വിജയ്‌ക്കെതിരെ കേസെടുക്കരുതെന്നും, സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അണ്ണാമലൈ പറയുന്നു. വിജയ്‌യെ കൂടെ നിര്‍ത്താനുള്ള അവസരമാണെന്ന ചിന്തയും ബിജെപിക്ക് ഉണ്ട്. ആദ്യദിനം വിജയ്‌യെ വിമര്‍ശിച്ച കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റി. രാഹുല്‍ ഗാന്ധി വിജയ്‌യെ വിളിച്ചു. പിഎംകെ, വിസികെ, നാം തമിഴര്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികള്‍ ഒക്കെ വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ട എന്ന പക്ഷക്കാരാണ്. അതേസമയം തമിഴ്‌നാട് സിപിഐഎം വിജയ്‌യെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.