ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ട് ചെലവഴിച്ചത്തിന്റെ രേഖകൾ പുറത്ത്. 3 കോടി രൂപയാണ് ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് നൽകിയത്. ദേവസ്വം കമ്മീഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നാണ് പണം നൽകിയത്. എന്നാൽ ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രഷന് 8.2 കോടി രൂപയാണ് നൽകേണ്ടത്. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരമാണ് 3 കോടി ദേവസ്വം കമ്മീഷണർ അനുവദിച്ചത്. അയ്യപ്പ സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് തുക അനുവദിച്ചത്. കഴിഞ്ഞമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രഷന് അഡ്വാൻസായി മൂന്ന് കോടി രൂപയായി അനുവദിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ ഉത്തരവിൽ പറയുന്നത്.
ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന തുകയടക്കമുള്ളതാണ് സർപ്ലസ് ഫണ്ട്. ഇത് ഉപയോഗിക്കണമെങ്കിൽ ഹൈക്കോടതി അനുമതി ആവശ്യമാണ്. എന്നിരിക്കെയാണ് ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ഫണ്ടിൽ നിന്ന് ആഗോള അയ്യപ്പ സംഗമത്തിന് തുക അനുവദിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൽ സ്പോൺസർമാരിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദം.