തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ. അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി ചെയ്യാമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യത്തിൽ തീരുമാനിക്കൂവെന്ന് സുമയ്യ പറഞ്ഞു.
സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിൽ തൃപ്തിയില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ഒരു സഹായവും ലഭിച്ചില്ലെന്നും സുമയ്യ വ്യക്തമാക്കി. എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം ആവശ്യപ്പെടുമെന്നും സർക്കാർ ജോലി വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും സുമയ്യയുടെ ബന്ധു സബീർ വ്യക്തമാക്കി.
അതേസമയം, ഗൈഡ് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, വയർ മാറ്റാൻ ശ്രമിക്കുന്നത് അപകടമുണ്ടാക്കും എന്നാണ് നിഗമനം.വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിരുന്നു. ശ്വാസംമുട്ടൽ അടക്കം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ്സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. വയർ പുറത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ തുടർ ചികിത്സയും സർക്കാർ ജോലിയും നൽകണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.