Headlines

“കല സൃഷ്ടിക്കുന്നത് വൈകാരിക ബുദ്ധി കൊണ്ടാണ് AI അതിനു പകരമാകില്ല” ; ജയിംസ്‌ കാമറൂൺ

എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ്‌ കാമറൂൺ. ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തനറെ പുതിയ സംവിധാന സംരംഭമായ അവതാർ : ഫയർ ആൻഡ് ആഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കാമറൂണിന്റെ പ്രസ്താവന.

“കലാസൃഷ്ടികൾ ഉണ്ടാകുന്നത് മനുഷ്യന്റെ വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടെല്ലാമാണ്, അതിനെയൊന്നും ഒരു AI യ്ക്കും അനുകരിക്കാൻ സാധിക്കില്ല. നമുക്ക് വേണ്ടത് കലാകാരന്മാരെയാണ് ആവശ്യം അവരുടെ കയ്യിലാണ് സകല നിയന്ത്രണവും. മാത്രമല്ല സർഗാത്മകത ഉപബോധമനസ്സിൽ നിന്ന് ഉരിത്തിരിയുന്നതായത്കൊണ്ട് അതിന്റെ കണക്കെടുക്കുകയും അസാധ്യം” ജെയിംസ് കാമറൂൺ പറയുന്നു.

തനിക്ക് ഏതായാലും തന്റെ സിനിമക്‌ലൂടെ തിരക്കഥ എഴുതാൻ ഒരു AI ടൂളിന്റെ ആവശ്യമില്ലായെന്നും, ചിലപ്പോൾ ഇനിയൊരു 20 കൊല്ലത്തിന് ശേഷം AI മികച്ച തിരക്കഥയ്ക്കുള്ള ഒരു ഓസ്‌കറൊക്കെ നേടിയാൽ മാത്രം അതിനെ സീരിയസ് ആക്കി എടുക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മുൻചിത്രങ്ങൾ പോലെ തന്നെ മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അവതാർ : ഫയർ ആൻഡ് ആഷിൽ ഇക്കുറി പ്രമേയത്തിൽ ചെറിയൊരു വ്യതാസമുണ്ട്. മനുഷ്യരും പാണ്ടോറയെന്ന ഗ്രഹത്തിലെ നാവി വർഗ്ഗത്തിലെ മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ആദ്യ രണ്ട് ചിത്രങ്ങളിലും പ്രധാന വിഷയമെങ്കിൽ ഫയർ ആൻഡ് ആഷിൽ നാവി ജനങ്ങൾക്കിടയിൽ നടക്കുന്ന സിവിൽ വാർ ആണ് പ്രധാന വിഷയം.