സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി നത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. സ്ത്രീപക്ഷ നിലപാടാണ് തന്റേത്. സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതിന് വേണ്ടി ഒരു വേദി ഒരുങ്ങിയപ്പോള്‍ അവിടെ പോയി. അതില്‍ രാഷ്ട്രീയമില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല – റിനി വ്യക്തമാക്കി. ജെ ഷൈനിന് ഐക്യദാര്‍ഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.
പെണ്‍ പ്രതിരോധം എന്ന പരിപാടി സെപ്റ്റംബര്‍ 22ാം തിയതിയാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ ഉദ്ഘാടകയ്ക്ക് പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരുന്നത് കൊണ്ട് തിയതി മാറ്റുകയായിരുന്നു. വിവിധ തുറകളിലുള്ള ആളുകളെ അവിടെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അത്തരമൊരു പരിപാടിയായതുകൊണ്ടാണ് പങ്കെടുത്തത് – റിനി കൂട്ടിച്ചേര്‍ത്തു.
താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് റിനി പ്രതികരിച്ചത്. തനിക്കെതിരെ ആക്രമണം തുടരുകയാണെങ്കില്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്ന് റിനി വ്യക്തമാക്കി. എനിക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഈ രീതിയില്‍ തന്നെ പ്രൊവോക്ക് ചെയ്യുകയാണെങ്കില്‍, ഇതുപോലുള്ള ആളുകളെ വെള്ള പൂശിക്കൊണ്ടുവരാനാണ് തീരുമാനമെങ്കില്‍ പലതും തുറന്ന് പറയേണ്ടതായി വരും. അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. താങ്ങാന്‍ കഴിയില്ല – റിനി പറഞ്ഞു. ആ പ്രസ്ഥാനത്തിലെ പല ആളുകളെയും സ്‌നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പലതും തുറന്ന് പറയാത്തതെന്നും അവര്‍ പറഞ്ഞു.
കെ ജെ ഷൈന്‍ പ്രസ്ഥാനത്തിലേക്ക് നടത്തിയ ക്ഷണവുമായി ബന്ധപ്പെട്ടും റിനി പ്രതികരിച്ചു. സ്വാഗതം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം കെ ജെ ഷൈന് ഉണ്ട്. അതില്‍ തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എന്റേതാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ല – അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്.